തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കു ശേഷം മാധ്യമങ്ങള്‍ക്കു മുമ്പില്‍ വന്ന സൂപ്പര്‍ താരം മോഹന്‍ലാല്‍ നടത്തിയത് വെറും രക്ഷപെടല്‍ നാടകം മാത്രം.

 താന്‍ പവര്‍ ഗ്രൂപ്പില്‍ ഇല്ലെന്ന് പറഞ്ഞതൊഴിച്ചാല്‍ വിവാദ വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാതെ മാധ്യമങ്ങള്‍ ഇതില്‍നിന്നെല്ലാം പിന്തിരിയണം എന്ന അഭ്യര്‍ഥന മാത്രം നടത്തിയുള്ള ഒരു ഒളിച്ചോട്ടമാണ് മോഹന്‍ലാല്‍ നടത്തിയത്.

വിവാദങ്ങള്‍ മലയാള സിനിമയെ തകര്‍ക്കും, അതിനാല്‍ മാധ്യമങ്ങള്‍ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ഥിച്ച താരം അതേസമയം മലയാള സിനിമയെ തകര്‍ക്കുന്ന നിലയിലുള്ള സഹതാരങ്ങളുടെ ചെയ്തികളെ കുറിച്ചും സിനിമയിലെ സഹോദരിമാര്‍ അനുഭവിച്ച യാതനകളെ കുറിച്ചും വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാന്‍ തയ്യാറായില്ല.
ആയിരങ്ങള്‍ ജോലി ചെയ്യുന്ന ഒരു വ്യവസായമാണ് സിനിമ എന്നതിനാല്‍ ആ മേഖലയെ തകര്‍ക്കുന്ന വിവാദങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ പിന്തിരിയണം എന്ന അഭ്യര്‍ഥനയായിരുന്നു പത്രസമ്മേളനത്തിലുടനീളം ലാല്‍ നടത്തിയത്.

ലാലിന്‍റെതന്നെ സുഹൃത്തുക്കളായ സംവിധായകന്‍ രഞ്ജിത്ത്, നടന്‍ മുകേഷ്, യുവതാരം ജയസൂര്യ, ബാബുരാജ്, അമ്മയില്‍ ലാലിന്‍റെ സഹഭാരവാഹിയായിരുന്ന ഇടവേള ബാബു എന്നിവര്‍ക്കെതിരെ പുറത്തുവന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ഉണ്ടായില്ല. 

വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള ഡബ്ല്യുസിസിയെകുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ലാല്‍ ഒഴിഞ്ഞു മാറുകയും ചെയ്തു. ഫലത്തില്‍ മോഹന്‍ലാലിന്‍റെ പത്രസമ്മേളനം വിവാദത്തില്‍ നിന്നുള്ള മറ്റൊരു തരത്തിലുള്ള ഒളിച്ചോട്ടമായി മാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed