കോട്ടയം:  ജലാശയങ്ങളുടെ നവീകരണത്തിനും കാര്‍ഷിക വളര്‍ച്ചയ്ക്കും വഴിയൊരുക്കിയ  മീനച്ചിലാര്‍ -മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയാണ് ഏഴാം വാര്‍ഷികത്തിൽ.പദ്ധതിയുടെ ഭാഗമായി ഇതുവരെ 5650 ഏക്കര്‍ തരിശുനിലങ്ങളില്‍ നെല്‍ക്കൃഷി മടങ്ങിയെത്തി. 1650 കിലോമീറ്റര്‍ നീളത്തില്‍ നിരവധി കൈവഴികളും തോടുകളും തെളിച്ചെടുത്തു. ലോക ശ്രദ്ധയാകര്‍ഷിച്ച മലരിക്കല്‍ആമ്പല്‍ വസന്തം ഉള്‍പ്പടെ അഞ്ചു ജല ടൂറിസം കേന്ദ്രങ്ങള്‍ രൂപപ്പെടുത്തി. മലരിക്കല്‍ പോലുള്ള പദ്ധതികള്‍ കര്‍ഷരുടെ വരുമാന വര്‍ധനവിനും കാരണമായി.
നദികളിലേക്കും തോടുകളിലേക്കും നേരിട്ട് മാലിന്യ മൊഴുക്കിയിരുന്ന കുഴലുകള്‍ നീക്കം ചെയ്യുന്ന പദ്ധതിക്ക് ആദ്യമായി രംഗത്തിറങ്ങിയതും ഈ പദ്ധതിയുടെ ഭാഗമായാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തി തോടുകള്‍ ശുചീകരിച്ചതിനു ജില്ലക്കു രണ്ടു തവണ ദേശീയ ജലശക്തി പുരസ്‌കാരം ലഭിച്ചു.
പ്രളയ രഹിത കോട്ടയം പദ്ധതിയിലൂടെ ജല വിഭവ വകുപ്പ് വേമ്പനാട്ടു കായലിലേക്കുള്ള ആറു ശാഖകള്‍ നവീകരിച്ചത് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനു് വലിയ പങ്കുവഹിക്കുന്നു. മീനച്ചിലാറ്റിലെ തുരുത്തുകള്‍ നീക്കം ചെയ്ത് എക്കലും മണ്ണും വെള്ളൂരില്‍ ആരംഭിക്കുന്ന കേരളാ റബര്‍ ലിമിറ്റഡിന്റെ ഭൂമി മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനം വലിയ സാധ്യതയാണ് നല്‍കുന്നത്. മീനച്ചിലാറിന്റെ വീതി കുറഞ്ഞു പോയ സ്ഥലങ്ങളില്‍ കൈയേറ്റത്തിനിരയായ സ്ഥലങ്ങളാണ് ഇപ്രകാരം തിരിച്ചുപിടിച്ചു പുഴ വീണ്ടെടുക്കുന്നത്.
നദീ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി നൂറിലധികം ജനകീയ കൂട്ടായ്മകള്‍ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. കട്ടച്ചിറതോട് നവീകരിച്ചതിന്റെ തുടര്‍ച്ചയായി കടപ്പൂര്‍ – കൂടല്ലൂര്‍ കേന്ദ്രമാക്കി ആറാമത്തെ ഗ്രാമീണ ടൂറിസം കേന്ദ്രം  ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിക്കും. ഈ നദീകളോട് ചേര്‍ന്ന് ഇനിയും തരിശായി കിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പദ്ധതിയുടെ  ഏഴാം വാര്‍ഷികം ഇന്ന് അഞ്ചിനു  ദര്‍ശനാ ഓഡിറ്റോറിയത്തില്‍ ഡോ. സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. ഡോ.ജേക്കബ് ജോര്‍ജ് അധ്യക്ഷനാകും. നദീ പുനര്‍ സംയോജന പദ്ധതി കണ്‍വീനര്‍ കെ.അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. വാര്‍ഷിക ബുള്ളറ്റിന്റെ പ്രകാശനം നടത്തും. ഡോ.പുന്നന്‍ കുര്യന്‍ വേങ്കിടത്ത് ഭാവി പരിപാടികള്‍ അവതരിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *