കോട്ടയം: കേരളാ പോലീസ് അസോസിയേഷന്‍  37 -ാം സംസ്ഥാന സമ്മേളനത്തിനു കോട്ടയത്തു തുടക്കമായി. സമ്മേളനം മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.
വയനാട്ടില്‍ പോലീസ് സേന നടത്തിയ സേവനം വിലമതിക്കാന്‍ കഴിയാത്ത ഒന്നാണ്. സൈന്യം പാലം നിര്‍മ്മിക്കുന്നതിനു മുന്‍പു ചെറുപാലം നിര്‍മിച്ചതു പോലീസായിരുന്നു. അതുവഴി നിരവധിപേരെ രക്ഷപ്പെടുത്തി. പക്ഷേ സൈന്യത്തിന്റെ വലിയ പാലം വന്നപ്പോള്‍, പോലീസ് സേനയുടെ സേവനം ആരും കാണാതെ പോയെന്നും ജി.ആര്‍ അനില്‍ പറഞ്ഞു.  
പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഭാരം കുറയ്ക്കാന്‍ അടിയന്തരനടപടി ഉണ്ടാകേണ്ടതുണ്ട്. ആത്മഹത്യയടക്കം വര്‍ധിച്ച സാഹചര്യത്തില്‍ പഠനം നടത്തി അതിലൊരു പരിഹാരം ഉണ്ടാക്കണം. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുന്ന സമീപനം മേല്‍ ഉദ്യോഗസ്ഥരും എടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കായി സപ്ലൈകോ ഓണച്ചന്തകളില്‍ പ്രത്യേക കൗണ്ടുകള്‍ തുറക്കുമെന്നു മന്ത്രി പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായയി സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍. ഷിനോദാസ് പതാക ഉയര്‍ത്തി.  സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍ ഷിനോദാസ് അധ്യക്ഷനായി.
ജില്ലാ പോലീസ് മേധാവി. ഷാഹുല്‍ ഹമീദ്, കേരളാ പോലീസ് ഓഫീസേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഇ.വി. പ്രദീപന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ ജി.പി അഭിജിത്ത് വരവ് ചെലവ് കണക്കും ഓഡിറ്റ് കമ്മിറ്റിയംഗം പി.എച്ച്. അന്‍സിം ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പ്രഫഷണല്‍ പോലീസിന് ഇനിയെത്ര ദുരം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന നേതൃസംഗമവും യാത്രയയപ്പും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ രണ്ടിന്  രാവിലെ 9.30ന് പ്രതിനിധി സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ജോസ് കെ. മാണി എം.പി, സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹെബ് എന്നിവര്‍ മുഖ്യാതിഥികളാകും. വൈകിട്ട് നാലിന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. എന്നിവര്‍ പ്രസംഗിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *