കൊച്ചി: മലയാള സിനിമയിലെ മീ ടു വിവാദത്തിൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത ഏഴു കേസുകളിലും പ്രത്യേക അന്വേഷണ സംഘത്തിൻറെ നടപടികൾ ഇന്ന് ആരംഭിക്കും. ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ടീമിനെ നിശ്ചയിച്ചിരിക്കുന്നത്. ഡിഐജി പൂങ്കുഴലിക്കാണ് കൊച്ചിയിലെ കേസുകളുടെ ചുമതല. കഴിയുമെങ്കിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. രഞ്ജിത്തിനെതിരായ കേസിലും തുടർ നടപടികൾ ഉണ്ടാകും. ഇതിനിടെ പ്രതി ചേർക്കപ്പെട്ട കൂടുതൽ പേർ മുൻകൂർ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ ഇന്ന് തന്നെ സമീപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, തനിക്കെതിരെയുള്ള ലൈം​ഗികാതിക്രമ പരാതിയിൽ, പരാതിക്കാരിക്ക് ​ഗൂഢലക്ഷ്യമെന്നാണ് നടനും എംഎൽഎയുമായ മുകേഷിന്റെ വാദം. തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് പറഞ്ഞ മുകേഷ്, ആരോപണം തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് ഏഴിന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാൻഡിലായാൽ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും മുകേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
നടൻ സിദ്ദിഖിനെതിരായ കേസ് അന്വേഷിക്കാനും പുതിയ അന്വേഷണ സംഘത്തെ നിയോ​ഗിച്ചിരുന്നു. ഡി ഐ ജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിലാണ് പുതിയ സംഘം. എസ് പി മധുസൂദനൻ, ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ വിജു കുമാർ, മ്യൂസിയെ എസ്എച്ച്ഒ, എസ് ഐ എന്നിവരാണ് സംഘത്തിലുൾപ്പെട്ടിട്ടുള്ളത്. പുതിയ അന്വേഷണ സംഘത്തെ നിയോ​ഗിച്ചതായി അറിയിച്ച് ഡിജിപി ഉത്തരവിറക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *