കോട്ടയം: ചെറുപ്പം മുതലേ കലാരംഗത്തും പ്രസംഗരംഗത്തും പ്രാവീണ്യം തെളിയിച്ചിട്ടുള്ള മാര്‍ തോമസ് തറയില്‍ ഇന്നു തീഷ്ണത നിറഞ്ഞ അജപാലകന്. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ഇടവക തറയില്‍ പരേതനായ ടി.ജെ.ജോസഫ്, മറിയാമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ ഏറ്റവും ഇളയവനായി 1972 ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. ടോമി എന്നാണു വിളിപ്പേര്.
കുട്ടിക്കാലത്തു സണ്ടേസ്കൂള്‍ കലോത്സവ മത്സരങ്ങളില്‍ അതിരൂപതാ തലത്തില്‍ പലതവണ ബസ്റ്റ് ആക്ടര്‍ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പ്രസംഗ മത്സരങ്ങളിലും മാര്‍ഗംകളിയിലും മറ്റും നിരവധി സമ്മാനങ്ങളും അതിരൂപതാ തലത്തില്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കലാ സാംസ്കാരിക മേഖലയില്‍ വളരെ താരമൂല്യം ഉണ്ടാകേണ്ടിയിരുന്ന ഒരു ജീവിതമാണ് അദ്ദേഹം ദൈവത്തിനു സമര്‍പ്പിച്ചത്. മാര്‍ തറയില്‍ ഇന്നു വാഗ്മിയും പ്രചോദനം പകരുന്ന പ്രസംഗകനും ചൈതന്യം നിറഞ്ഞ ധ്യാന ഗുരുവുമാണ്.
യൂട്യൂബിലും മറ്റു സോഷ്യല്‍ മീഡിയകളിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കു ദശലക്ഷക്കണക്കിനു പ്രേക്ഷകരാണ് ഉള്ളത്. അഭിനയ കലകൂടി ഉപയോഗിച്ചുകൊണ്ടു പ്രസംഗിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ജാതിമതഭേദമന്യേ ഏവരെയും ആകര്‍ഷിക്കുന്നു.
ദൈവവചനം, മനശാസ്ത്രം എന്നിവയ്ക്കു പുറമേ സാമുഹിക, രാഷ്ട്രീയ, സമുദായിക വിഷയങ്ങളും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കങ്ങളാകാറുണ്ട്. അമേരിക്കന്‍ സുവിശേഷ പ്രസംഗകനായ ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീനിനോട് അദ്ദേഹത്തെ സാമ്യപ്പെടുത്തുന്നത് ഒട്ടുംതന്നെ അതിശയോക്തിയാകില്ല.
ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് എന്നിവ അനായാസം കൈകാര്യം ചെയ്യും. അദ്ദേഹം ഒരു ഗ്രന്ഥകര്‍ത്താവു കൂടിയാണ്.
ബിയോണ്ട് സെക്യൂര്‍ അറ്റാച്ച്മെന്റ്, അറ്റാച്ച്മെന്റ ഇന്റിമസി ആന്‍ഡ് സെലബസി, ഫോര്മേഷന് ആന്‍ഡ് സൈക്കോളജി, പൊട്ടിച്ചിരികളുടെ കുടുംബം എന്നീ പുസ്തകങ്ങള്‍ മാര്‍ തറയിലിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്.
ഒരു മനശാസ്ത്ര പണ്ഡിതന് കൂടിയായ പിതാവ് സ്വദേശത്തും വിദേശത്തും വിവിധ യൂണിവേഴ്സിറ്റികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്.
സമുദായ വിഷയങ്ങളാണ് അദ്ദേഹം പ്രത്യേകം കൈകാര്യം ചെയ്യുന്ന മറ്റൊരു പ്രധാന മേഖല. നൂനപക്ഷ ആനുകൂല്യങ്ങള്‍, സാമ്പത്തിക സംവരണം, ജനസംഖ്യ, തൊഴില്‍, രാഷ്ട്രീയ, ഉദ്യോഗസ്ഥമേഖല, ദളിത് ക്രൈസ്തവര്‍, നാടാര്‍ ക്രൈസ്തവര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം നിരന്തരം ശ്രദ്ധപുലര്‍ത്തുന്നു.
സമുദായ ശക്തീകരണം ലക്ഷ്യമാക്കി അതിരൂപതയില്‍ കമ്മ്യൂണിറ്റി അവയര്‍നെസ് ആന്‍ഡ് റൈറ്റ്സ് പ്രൊട്ടക്ഷന്‍ എന്ന ഡിപ്പാര്‍ട്ടുമെന്റ് ആരംഭിച്ചതിനു പിന്നിലും മാര്‍ തറയിലാണ്.
സഭാതലത്തിലും അദ്ദഹം വളരെയേറെ ചുമതലകള്‍ വഹിക്കുന്നുണ്ട്. സി.ബി.സി.ഐ പരിസ്ഥിതി കമ്മീഷന് മെമ്പര്‍, കെ.സി.ബി.സി ദൈവവിളി കമ്മീഷന് ചെയര്മാന്, സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് കണ്‍വീനര്‍, സീറോമലബാര്‍ വിദ്യാഭ്യാസ കമ്മിറ്റി മെമ്പര്‍ എന്നീ ഉത്തരവാദിത്വങ്ങളും മാര്‍ തറയില്‍ നിര്‍വഹിക്കുന്നു.
കഴിഞ്ഞ ഏഴു വര്‍ഷക്കാലം സഹായമെത്രാനായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച മാര്‍ തോമസ് തറയിലിനെ അതിരൂപതയുടെ മെത്രാപ്പോലീത്തയായി തെരഞ്ഞെടുത്തില്‍ വിശ്വാസികളും ആഹ്ലാദത്തിലാണ്.