ടോക്യോ പാരാലിമ്പിക്സിൽ ഒരേ ഇനത്തിൽ നിന്ന് വീണ്ടും ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്യോയിലെ ഷൂട്ടിംഗ് റേഞ്ചിൽ നിന്നുമാണ് ഇന്ത്യ ഇത്തവണ ഇരട്ട മെഡൽ വെടി വെച്ചിട്ടത്. പുരുഷന്മാരുടെ ഷൂട്ടിംഗ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 വിഭാഗത്തിൽ ഇന്ത്യക്കായി മനീഷ് നർവാളിന്റെ സ്വർണവും സിങ്‌രാജ് അദാനയുടെ വെള്ളിയുമാണ് ഇന്ത്യക്ക് ഇരട്ട പോഡിയം ഫിനിഷ് സമ്മാനിച്ചത്.
ഫൈനൽ മത്സരത്തിൽ 218.2 പോയിന്റ് കരസ്ഥമാക്കിയ മനീഷ് പാരാലിമ്പിക് റെക്കോർഡോടെയാണ് സ്വർണം നേടിയത്. സിങ്‌രാജ് അദാന 216.7 പോയിന്റ് നേടിയാണ് വെള്ളി കരസ്ഥമാക്കിയത്. റഷ്യൻ പാരാലിമ്പിക് കമ്മിറ്റിയുടെ സെർജി മാലിഷേവിനാണ് വെങ്കലം.