ചങ്ങരംകുളം: വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് പോകുന്ന തീർത്ഥാടകർക്ക് ഏർപ്പെടുത്തുന്ന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു.
പരാതികളില്ലാത്ത വിധം ഈ വർഷത്തെ ഹജ്ജ് യാത്ര നിർവ്വഹിക്കാനായതിൽ ഹാജിമാർ സംതൃപ്തരായിരുന്നുവെന്നും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളൊരുക്കാൻ പദ്ധതി തയ്യാറാക്കുകയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയെന്നും അദ്ദേഹം തുടർന്നു.
പൊന്നാനി , തവനൂർ മണ്ഡലങ്ങളിൽ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന വിശുദ്ധ ഹജ്ജ് യാത്രക്കൊരുങ്ങുന്നവർക്കു വേണ്ടി പന്താവൂർ ഇർശാദിൽ ആരംഭിച്ച ഹജ്ജ് ഹെൽപ് ഡസ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഖാസിം കോയ. ഇർശാദ് പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി വാരിയത്ത് മുഹമ്മദലി , ഹസൻ നെല്ലിശ്ശേരി, അബ്ദുൽ ബാരി സിദ്ധീഖി, ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി ,ടി.സി അബ്ദുറഹ്മാൻ , ഷാഹുൽ ഹമീദ് മൗലവി , ഹജ്ജ് ട്രൈനർ കെ.എം അലി മുഹമ്മദ് പ്രസംഗിച്ചു.