ആധുനിക ജീവിതത്തിന്റെ സമ്മർദം മാതാപിതാക്കളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി താക്കീതു നൽകി. അവർക്കു കൂടുതൽ പിന്തുണ നൽകണമെന്നു ഗവൺമെന്റിനോടും ബിസിനസ് സ്ഥാപനങ്ങളോടും സാമൂഹ്യ സംഘടനകളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
മാതാപിതാക്കളെ സഹായിക്കാനുള്ള പണം കൂടുതൽ കരുതണമെന്നു ഫെഡറൽ,സ്റ്റേറ്റ്, ലോക്കൽ, ട്രൈബൽ ഗവൺമെന്റുകളോട് അദ്ദേഹം നിർദേശിച്ചു. അവർക്കായി ദേശീയ തലത്തിൽ കുടുംബ-മെഡിക്കൽ ലീവ് പദ്ധതി ഉണ്ടാക്കണം. ജോലി ചെയ്യുന്നവർക്കു രോഗാവസ്ഥയിൽ വേതനം നൽകണം. അവർക്കു വഹിക്കാൻ കഴിയുന്ന ചെലവിൽ ആരോഗ്യ രക്ഷ ലഭ്യമാക്കണം.
യുവതലമുറയുടെ മാനസികാരോഗ്യ പ്രതിസന്ധിക്കു പിന്നിൽ മാതാപിതാക്കളുട മാനസികാരോഗ്യ പ്രതിസന്ധി ഉണ്ടെന്നു മൂർത്തി ചൂണ്ടിക്കാട്ടി.കുടുംബ-മെഡിക്കൽ ലീവ് വേതനം സഹിതം അനുവദിക്കാനുളള പ്രസിഡന്റ് ജോ ബൈഡന്റെ നീക്കം യുഎസ് കോൺഗ്രസിൽ തകർത്തത് റിപ്പബ്ലിക്കൻ അംഗങ്ങളും ഏതാനും ഡെമോക്രറ്റുകളും ചേർന്നാണ്. എന്നാൽ മാതാപിതാക്കളുടെ മാനസികാരോഗ്യം രാഷ്ട്രീയ വിഷയമല്ലെന്നു മൂർത്തി കരുതുന്നു.