ഡബ്ല്യുസിസിയെ ഒരിക്കലും മഞ്ജു വാര്യർ തള്ളിപ്പറഞ്ഞതായി തനിക്ക് തോന്നിയിട്ടില്ലെന്ന് നടി സജിതാ മഠത്തിൽ. മഞ്ജുവാര്യർ ഇപ്പോഴും ഡബ്ല്യുസിസിയിൽ അംഗമാണെന്നും അവരുടെ തിരക്കുകൾ കൊണ്ട് വരാൻ കഴിയാത്തതാണെന്നും സജിതാ മഠത്തിൽ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു വാര്യർ ഡബ്ലിയുസിസിൽ എന്തുകൊണ്ട് ആക്റ്റീവ് അല്ല എന്ന് ചോദ്യത്തിന് നടി മറുപടി നൽകിയത്.
“ഞാൻ എസ്എഫ്ഐയിലൂടെ വന്നതാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിലും വളരെ ആക്റ്റീവ് ആയിരുന്നു. പാർട്ടി മെമ്പർ ആയിരുന്നു. പല രീതിയിലും രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ട്. പക്ഷേ ഡബ്ലിയുസിസി എനിക്ക് തന്ന പഠനവും സന്തോഷവും മറ്റൊരു സംഘടനയിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. അവൾക്കൊപ്പം നിൽക്കണം എന്ന് ചിന്തയിലാണ് മിക്കവരും ഡബ്ല്യുസിസിയിൽ വന്നത്.
സിനിമയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് വിചാരിച്ചുകൊണ്ടല്ല എല്ലാവരും വന്നത്. നമ്മുടെ കൂടെ കുറെ മനുഷ്യരുണ്ട്. ചിലർക്ക് ചില കാരണങ്ങൾ കൊണ്ട് ആക്ടീവായി നിൽക്കാൻ കഴിഞ്ഞെന്നു വരില്ല. അതിന്റെ അർത്ഥം ആ വ്യക്തി അതിൽ ഇല്ലെന്നല്ല. ചിലപ്പോൾ ഏന്തി വലിഞ്ഞ് നോക്കി പോയിട്ടുണ്ടാവും. ആ സമയത്ത് വേറെ ഒരാൾ നല്ല ആക്ടീവ് ആയിരിക്കും”.
“മഞ്ജു ഡബ്ല്യുസിസിയിൽ ഉണ്ട്. പക്ഷേ തിരക്കിനിടയിൽ പഴയപോലെ പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. തിരിച്ച് ഡബ്ല്യുസിസിയും തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം കൈപിടിക്കേണ്ട സമയത്തെല്ലാം കൈപിടിച്ചിട്ടുണ്ട്, ഒരുമിച്ച് നിന്നിട്ടുണ്ട്”