ന്യൂഡല്‍ഹി: ഒക്ടോബറിൽ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ്റെ കൗൺസിൽ ഓഫ് ഹെഡ്സ് മീറ്റിംഗിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാൻ ഔദ്യോഗികമായി ക്ഷണിച്ചതായി വിദേശകാര്യ വക്താവ് അറിയിച്ചു.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ്റെ (എസ്‌സിഒ) കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെൻ്റിൻ്റെ (സിഎച്ച്ജി) റൊട്ടേറ്റിംഗ് ചെയർമാൻ സ്ഥാനം നിലവിൽ പാകിസ്ഥാനാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ, ഒക്ടോബറിൽ രണ്ട് ദിവസത്തെ എസ്‌സിഒ ഗവൺമെൻ്റ് മേധാവികളുടെ യോഗത്തിന് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും
“ഒക്‌ടോബർ 15-16 തീയതികളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ രാഷ്ട്രത്തലവന്മാർക്ക് ക്ഷണങ്ങൾ അയച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു ക്ഷണം അയച്ചിട്ടുണ്ട്” -പാകിസ്ഥാൻവിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പ്രതിവാര പത്രസമ്മേളനത്തിൽ പറഞ്ഞു.
ചില രാജ്യങ്ങൾ എസ്‌സിഒ മീറ്റിംഗിൽ തങ്ങളുടെ പങ്കാളിത്തം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, പങ്കെടുക്കുന്നവരുടെ ഔദ്യോഗിക ലിസ്റ്റ് പുറത്തുവിട്ടിട്ടില്ല. ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “പാകിസ്ഥാന് ഇന്ത്യയുമായി നേരിട്ടുള്ള ഉഭയകക്ഷി വ്യാപാരം ഇല്ല” എന്നായിരുന്നു പാക് വക്താവിന്റെ പ്രതികരണം.
കഴിഞ്ഞ വർഷം, ഇന്ത്യ ഒരു വെർച്വൽ ഫോർമാറ്റിൽ എസ്‌സിഒ മീറ്റിംഗിന് ആതിഥേയത്വം വഹിക്കുകയും പാകിസ്ഥാനെ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു. അന്ന് ഓണ്‍ലൈന്‍ വഴി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യോഗത്തിൽ പങ്കെടുത്തിരുന്നു.
എസ്‌സിഒ യോഗത്തിലേക്കുള്ള ക്ഷണം ഇന്ത്യ നിരസിച്ചതായി നേരത്തെ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, വിദേശകാര്യ മന്ത്രാലയം ഈ റിപ്പോർട്ടുകൾ ഔദ്യോഗിക പ്രസ്താവനയിൽ നിഷേധിച്ചു.
“പാക്കിസ്ഥാനിലെ എസ്‌സിഒ മീറ്റിംഗിൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്നും അല്ലെങ്കിൽ വിദേശകാര്യമന്ത്രി പാകിസ്ഥാനിലെ എസ്‌സിഒ മീറ്റിംഗിൽ പങ്കെടുക്കുമെന്നുമുള്ള തരത്തില്‍ നിരവധി വാർത്തകൾ പ്രചരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”-വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു.