തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗിക പീഡനത്തെക്കുറിച്ച് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയ പരാതികളിൽ ഭൂരിഭാഗവും ഊരും പേരുമില്ലാത്ത ഊമപ്പരാതികളാണ്. ഇതുവരെ ഇരുപതോളം പരാതികളാണ് കിട്ടിയത്.
പീഡനത്തിന് ഇരകളായവരുടെ പരാതികളല്ല കൂടുതലും. മൂന്നാമതൊരാൾ ഇരകൾക്ക് വേണ്ടി നൽകിയ പരാതികളുമുണ്ട്. മാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സിനിമയുമായി ബന്ധമില്ലാത്തവർ നൽകിയ പരാതികളുമുണ്ട്. ഹേമാ കമ്മിറ്റിക്കെതിരേ കേസെടുക്കണമെന്ന പരാതികൾ വരെ പോലീസിന് കിട്ടിയിട്ടുണ്ട്. അതിനാൽ കിട്ടിയ പരാതികളിലെ സത്യാന്വേഷണമായിരിക്കും പോലീസ് ആദ്യം നടത്തുക.
ഡി.ഐ.ജി അജിതാബീഗത്തിന്റെ നേതൃത്വത്തിൽ നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ഇതിനുള്ള ചുമതല നൽകിയിരിക്കുകയാണ്. പരാതികളിലെ സത്യാവസ്ഥ മൂന്നു ദിവസത്തിനകം കണ്ടെത്താനാണ് നിർദ്ദേശം. വ്യക്തതയുള്ളതും സത്യാവസ്ഥയുള്ളതുമായ പരാതികളിലാവും ഇരകളുടെ മൊഴിയെടുക്കുകയും തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക.

ഇരകൾ നേരിട്ടു നൽകിയ പരാതികൾ കുറവാണ്. അതിനാൽ പരാതികളുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ. പരാതികളിൽ പരാമർശിക്കുന്നവരെ നേരിൽ കണ്ട് മൊഴിയെടുത്ത് പരാതികളിലെ വസ്തുതകൾ ഉറപ്പിക്കാനാണ് തീരുമാനം.

വർഷങ്ങൾക്ക് മുൻപുള്ള പരാതികളായതിനാൽ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ ശേഖരിക്കുക എളുപ്പമല്ല. സാഹചര്യ തെളിവുകളും ഹോട്ടൽ രേഖകളും ജീവനക്കാരുടെ മൊഴികളും ഇരകൾ നൽകുന്ന തെളിവുകളും ഡിജിറ്റൽ തെളിവുകളുമായിരിക്കും നിർണായകമാവുക.
പ്രാഥമിക മൊഴിരേഖപ്പെടുത്തിയതിന് ശേഷം ഇരകളുടെ മൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തും. പിന്നീട് മൊഴിമാറ്റുന്നത് ഒഴിവാക്കാനാണിത്. രഹസ്യമൊഴിയെടുത്ത ശേഷം പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് അടക്കം നടപടികളിലേക്ക് നീങ്ങാനുമാണ് തീരുമാനം.

ആദ്യഘട്ടത്തിൽ രഞ്ജിത്തിനെതിരായ കേസിലാവും നടപടികൾ. ബംഗാളി നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും. അവർക്ക് കേരളത്തിലേക്കെത്താൻ ബുദ്ധിമുട്ടാണെങ്കിൽ ബംഗാളിലെ കോടതിയിൽ രഹസ്യമൊഴിയെടുക്കാൻ പൊലീസ് അപേക്ഷനൽകും.

സിദ്ദിഖിനെതിരായ കേസിലാവും അടുത്ത നടപടി. അതിനിടെ, ആരോപണ വിധേയർ മുൻകൂർജാമ്യത്തിന് ശ്രമംതുടങ്ങിയിട്ടുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാനാണ് രഞ്ജിത്ത് ശ്രമിക്കുന്നതെന്നറിയുന്നു.
മാധ്യമങ്ങളിൽ പരാതിയുന്നയിച്ചവരും ഇ-മെയിലായി പരാതി നൽകിയവരുമുണ്ട്. നേരിട്ടോ അല്ലാതെയോ ഉള്ള പരാതികളെല്ലാം അന്വേഷിക്കും. മൊഴി നൽകാൻ തയ്യാറായാൽ തുടരന്വേഷണമുണ്ടാവും. അല്ലാത്തവ അവഗണിക്കും.
തെളിവുകൾ ഹാജരാക്കിയാൽ പരാതിയില്ലെങ്കിലും കേസെടുക്കുന്നതും പരിഗണിക്കും. മൊഴിനൽകാൻ സന്നദ്ധരാവുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഇക്കാര്യം പരാതിക്കാരെ അറിയിക്കും.

നാല് വനിതാ ഐ.പി.എസുദ്യോഗസ്ഥർക്കും മൊഴിയെടുപ്പിനും തെളിവുശേഖരണത്തിനുമായി പ്രത്യേകം സംഘങ്ങളുണ്ടാവും. ഇതിലെല്ലാവരും വനിതാ ഉദ്യോഗസ്ഥരായിരിക്കും. പരാതിക്കാർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കരുതെന്നും അന്വേഷണ സംഘത്തോട് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

മൊഴിയിലെ വസ്തുതകൾ പരിശോധിച്ചും ലഭ്യമാവുന്ന ശാസ്ത്രീയ,സാഹചര്യ തെളിവുകൾ ശേഖരിച്ചും പരാതി പഴുതടച്ചതാണെന്നുറപ്പാക്കിയ ശേഷമായിരിക്കും അറസ്റ്റ്. മുകേഷ്, ജയസൂര്യ അടക്കമുള്ളവർക്കെതിരേ ഒരു നടി 7 പരാതികളാണ് നൽകിയത്.
ലോക്കൽ സ്റ്റേഷനുകളിലെടുക്കുന്ന കേസുകൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. പ്രധാനകേസുകളെല്ലാം വനിതാ ഐ.പി.എസുദ്യോഗസ്ഥരുടെ നേതൃത്വത്തിലെ പ്രത്യേകസംഘം അന്വേഷിക്കും.

മാധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ആരോപണമുന്നയിക്കുന്നവരുടെയെല്ലാം മൊഴിയെടുക്കും. പരാതിയുണ്ടെങ്കിൽ കേസെടുക്കും. വ്യക്തമായ തെളിവുകളുകൾ കൈമാറിയാൽ പരാതിയില്ലെങ്കിലും കേസെടുക്കും. അതിക്രമം നേരിട്ടവർക്ക് സ്റ്റേഷനിലെത്താതെ പ്രത്യേകസംഘത്തോട് രഹസ്യമായി മൊഴിനൽകാനും സംവിധാനമൊരുക്കും.

തെളിവുശേഖരിക്കലും മൊഴിയെടുപ്പുമെല്ലാം സൂക്ഷ്മതയോടെ വേണമെന്ന് ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതി ഐ.ജി ജി. സ്പർജ്ജൻകുമാർ നിത്യേന ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ അറിയിക്കണം. രണ്ട് മേഖലകളായി തിരിഞ്ഞാണ് അന്വേഷണം. കൊച്ചിവരെയുള്ള ദക്ഷിണമേഖലയിൽ ഡി.ഐ.ജി എസ്.അജീതാബീഗം, എസ്.പി മെറിൻജോസഫ് എന്നിവർ. തൃശൂർ മുതലുള്ള ഉത്തരമേഖലയിൽ എസ്.പിമാരായ ജി.പൂങ്കുഴലിയും ഐശ്വര്യ ഡോംഗ്രെയുമായിരിക്കും അന്വേഷണം നടത്തുക.

By admin

Leave a Reply

Your email address will not be published. Required fields are marked *