പാലക്കാട്: സിനിമാ മേഖലയിലെ സ്ത്രീകൾ തെളിവു സഹിതം മുകേഷിനെതിരെ ആരോപണമുന്നയിച്ചിട്ടും പാർട്ടി അദ്ദേഹത്തെ സംരക്ഷിക്കുന്നത് അദ്ദേഹത്തെ ഭയമുള്ളതിനാലാണെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു. മുകേഷിനെ പുറത്താക്കിയാൽ ഇത്തരത്തിൽ പ്രവൃത്തിക്കുന്ന പാർട്ടിയിലെ പല പ്രമുഖരുടേയും ഇടതുപക്ഷ കലാകാരൻമാരുടേയും തലകൾ ഉരുളുമെന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി അംഗത്വ ക്യാമ്പയിനിൻ്റെ ഭാഗമായി മഹിളാമോർച്ച സംസ്ഥാന കമ്മറ്റി സംഘടിപിച്ച ശില്പശാല പാലക്കാട് ബി ജെ പി ജില്ലാ ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻറ് നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡൻറ് കെ എം ഹരിദാസ്, മഹിളാമോർച്ച സംസ്ഥാന പ്രഭാരി നിഷിത രാജു, സംസ്ഥാന ജനറൽ സെക്രട്ടറി സിനി മനോജ്, സംസ്ഥാന ഭാരവാഹികളായ രാഗേന്ദു, സ്മിത മേനോൻ, ഷൈമ പൊന്നേത്ത്, സത്യലക്ഷ്മി, അഡ്വക്കേറ്റ് ശ്രീവിദ്യ, നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, മഹിള മോർച്ച പാലക്കാട് ജില്ലാ പ്രസിഡൻറ് പി സത്യഭാമ എന്നിവർ സംസാരിച്ചു.