ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തില്‍ ചരിത്രപ്രാധാന്യമുള്ളതടക്കം നൂറുകണക്കിന് ക്ഷേത്രങ്ങളാണുള്ളത്. കേരളത്തിന്റെ ചരിത്രത്തോടും ഐതിഹ്യത്തോടും ചേര്‍ന്നു നില്‍ക്കുന്ന ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നിരവധി ക്ഷേത്രങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.
ശബരിമല ശാസ്താ ക്ഷേത്രം
ഇന്ത്യയിലെമ്പാടും അറിയപ്പെടുന്ന ശബരിമല ക്ഷേത്രം ഏറ്റവുമധികം തീര്‍ഥാടകര്‍ എത്തുന്ന ക്ഷേത്രമാണ്. മണ്ഡലമാസത്തിലെ 41 ദിവസങ്ങളാണ് ഇവിടെ ഭക്തര്‍ എത്തുന്ന ദിവസങ്ങള്‍.
പത്തുകോടിയിലധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇവിടെ എല്ലാ ജാതി മതസ്ഥര്‍ക്കും പ്രവേശിക്കാമെങ്കിലും പത്തു മുതല്‍ 50 വയസ്സു വരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദനീയമല്ല. മഹിഷിയെ വധിച്ച ശേഷം അയ്യപ്പന്‍ ധ്യാനിച്ച സ്ഥലമാമ് ശബരിമല എന്നാണ് വിശ്വാസം.
അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രം
അമ്പലപ്പുഴ പാല്‍പ്പായസത്തിനും വേലകളിക്കും പ്രശസ്തമായ അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രം ആലപ്പുഴയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. പാര്‍ഥസാരഥി സങ്കല്‍പ്പത്തില്‍ ഒരു കയ്യില്‍ ചമ്മട്ടിയും മറുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ.
ചോറ്റാനിക്കര ക്ഷേത്രം
മൂന്നുഭാവങ്ങളുള്ള ജഗംദംബികയെ ആരാധിക്കുന്ന പ്രശസ്തമായ ക്ഷേത്രമാണ് എറണാകുളത്തെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. രാവിലെ സരസ്വതിയായും ഉച്ചയ്ക്കു ഭദ്രകാളിയായും വൈകിട്ട് ദുര്‍ഗ്ഗാദേവിയായുമാണ് ഇവിടെ ആരാധിക്കുന്നത്. കേരളത്തിലെ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണ്. എട്ടാം നൂറ്റാണ്ടില്‍ ദ്രാവിഡ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം അനന്തശയനത്തിലുള്ള വിഷ്ണുവിനാണ് സമര്‍പ്പിച്ചിച്ചിരിക്കുന്നത്.
 ഈയടുത്തായി ക്ഷേത്രത്തിലെ നിലവറയില്‍ നിന്നും മൂല്യമളക്കാനാവാത്തത്ര അളവിലുള്ള നിധി കണ്ടെത്തിയിരുന്നു. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രം
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രം തിരുവനന്തപുരത്തെ അതിപ്രശസ്തമായ ക്ഷേത്രമാണ്. ആറ്റുകാലമ്മ എന്നറിയപ്പെടുന്ന ഭദ്രകാളിയാണ് ഇവിടുത്തെ ഭഗവതി. കുഭമാസത്തില്‍ നടക്കുന്ന പൊങ്കാലയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്ന്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *