തിരുവനന്തപുരം: ഈച്ച പോലും കയറാത്ത അതീവ സുരക്ഷാമേഖലയായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ നടിക്ക് പീഡനം നേരിട്ടെന്ന പരാതി സർക്കാരിനെയും ഞെട്ടിപ്പിക്കുന്നതാണ്.
അതിസുരക്ഷാ മേഖലയാണെങ്കിലും സിനിമാ ചിത്രീകരണത്തിന് സെക്രട്ടേറിയറ്റിൽ അനുമതി നൽകാറുണ്ട്. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി വേഷത്തിൽ മമ്മൂട്ടി അഭിനയിച്ച വൺ എന്ന ചിത്രത്തിനും അടുത്തിടെ സെക്രട്ടേറിയറ്റിൽ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നു.

എന്നാൽ വർഷങ്ങൾക്കുമുൻപ്‌ സെക്രട്ടേറിയറ്റിൽ ചിത്രീകരിച്ച ഒരു സിനിമയെക്കുറിച്ചാണ് പരാതി ഉയർന്നത്. ചിത്രീകരണത്തിനിടെ ഇടനാഴിയിൽവെച്ച് യുവനടൻ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് കഴിഞ്ഞദിവസം ഒരു നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയത്.

ഭരണസിരാകേന്ദ്രത്തിൽ സ്ത്രീയ്ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന വെളിപ്പെടുത്തൽ പരാതി കിട്ടിയില്ലെങ്കിലും പോലീസിന് അന്വേഷിക്കേണ്ടി വരും. സെക്രട്ടേറിയറ്റിന്റെ തൊട്ടരികിലാണ് കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ. ഈ സംഭവം അവിടെ കേസെടുത്ത് അന്വേഷിക്കേണ്ടി വരും.
പരാതി കിട്ടിയാലേ കേസെടുക്കൂ എന്ന ഇതുവരെയുള്ള പോലീസ് നിലപാട് ഇക്കാര്യത്തിൽ പ്രായോഗികമാവില്ല. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുപോലും കടുത്ത നിയന്ത്രണമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് തുടങ്ങിയത്.
സംഭവം നടക്കുമ്പോൾ നിയന്ത്രണം അത്ര ശക്തമാക്കിയിരുന്നില്ലെങ്കിലും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്നത് ഗൗരവമുള്ളതാണ്. കനത്തസുരക്ഷാ സംവിധാനമുള്ള ഇവിടെയുണ്ടായെന്നു പറയുന്ന ലൈംഗികാതിക്രമമെന്ന ആരോപണം തള്ളിക്കളയുന്നത് സർക്കാരിന്റെ മുഖച്ഛായ നശിപ്പിക്കുന്നതായിരിക്കും.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടൽ വീണ്ടും പീഡനപരാതികളിൽ നിറയുകയാണ്. സോളാർ വിവാദനായിക, ഉന്നത രാഷ്ട്രീയക്കാരടക്കം തന്നെ പീഡിപ്പിച്ചത് ഈ ഹോട്ടലിലാണെന്ന് ‌വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ബി.ജെ.പിയിലുള്ള മുൻ സി.പി.എം എം.പി അടക്കം മാസ്കോട്ട് ഹോട്ടലിൽ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

സി.ബി.ഐ അടക്കം ഹോട്ടലിൽ അന്വേഷണം നടത്തിയിരുന്നു. ഇപ്പോൾ നടൻ സിദ്ദിഖിനെതിരെയാണ് മാസ്കോട്ട് ഹോട്ടലിലെ പീഡനപരാതി. ഒരു സിനിമയുടെ ചർച്ചയ്ക്കെന്ന പേരിൽ 2016ൽ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവനടി ഡിജിപിക്ക് നൽകിയ പരാതി. ഈ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.

  ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.  ‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്റ്റ്കോട്ട്ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’–നടി പറഞ്ഞു.

2018ൽ സമൂഹമാദ്ധ്യമത്തിൽ നടി കുറിപ്പിട്ടിരുന്നു. പിന്നീട് 2021ൽ ഓൺലൈൻ മാദ്ധ്യമത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നതാണ്.  അതേസമയം, നടിക്കെതിരേ സിദ്ദിഖ് നൽകിയ പരാതിയും ഡിജിപി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ആവശ്യം.
ആരോപണത്തിന് പിന്നിൽ പ്രത്യക അജൻഡയുണ്ട്. പലപ്പോഴും വ്യത്യസ്ത രീതിയിൽ ആരോപണമുന്നയിച്ച നടി ഇപ്പോഴാണ് ലൈംഗികാരോപണം നടത്തുന്നത്. മോശമായ വാക്കുകളുപയോഗിച്ചെന്നായിരുന്നു 2018ലെ ആരോപണം. പിന്നീട് ഉപദ്രവിച്ചെന്നായി. മറ്റു പലർക്കെതിരേയും സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതികളുന്നയിച്ച ഇവർക്ക് പ്രത്യേക അജൻഡയുണ്ട്. ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമം.
ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണം. നടിയോട് മോശം സംഭാഷണം നടത്തിയിട്ടില്ലെന്നും ഉപദ്രവിച്ചിട്ടില്ലെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് വ്യക്തമാക്കി. സിദ്ദിഖ് പരാതിപ്പെട്ടതിന് പിന്നാലെയാണ് പീഡനപരാതിയുമായി നടി രംഗത്തെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *