തൃശൂര്‍: ലൈംഗികാതിക്രമ പരാതി നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദീപ നിശാന്ത്. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ വളരാന്‍ അനുവദിക്കരുതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
‘ചില കാര്യങ്ങള്‍ പറയേണ്ട സമയത്തു തന്നെ പറയണം. ഇടതുപക്ഷമാണെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്. നാഴികയ്ക്കു നാല്‍പ്പതു വട്ടം നാടക പാരമ്പര്യവും കുടുംബ പാരമ്പര്യവും രാഷ്ട്രീയപാരമ്പര്യവും പറഞ്ഞ് നടക്കുന്ന അയാളെപ്പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത്,’ ദീപയുടെ കുറിപ്പില്‍ പറയുന്നു. ഇന്ത്യാ വിഷന്‍ ചാനലിലെ അവതാരകയായിരുന്ന വീണ ജോര്‍ജ്ജിനോട് മുഖാമുഖം പരിപാടിയില്‍ മുകേഷിന്റെ മുന്‍ ഭാര്യ സരിത നടത്തിയ വെളിപ്പെടുത്തലുകളും ദീപാ നിശാന്ത് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സിനിമകളില്‍ നമ്മെ പൊട്ടിച്ചിരിപ്പിച്ച നടന്‍ വീട്ടില്‍ ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളതെന്നും അന്നും അത് ഒരു പരിമിതവൃത്തത്തിനപ്പുറം ചര്‍ച്ചയായില്ലെന്നും ദീപ നിശാന്ത് പറയുന്നു.മുകേഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനെ കുറിച്ചും മക്കളെ പൂര്‍ണമായും അവഗണിച്ചതിനെ കുറിച്ചുമെല്ലാം സരിത ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ ആദ്യ ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയിട്ടുണ്ട്. മുകേഷിനെ കൂടാതെ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ.വി എസ് ചന്ദ്രശേഖര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍,വിച്ചു എന്നിവര്‍ക്കെതിരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയിട്ടുണ്ട്.
സുഹൃത്തായിരുന്ന നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യയുടെ ആരോപണമാണ് രണ്ടാമത്തേത്. അമ്മ തനിച്ചായിരുന്ന സമയത്ത് വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറുകയും ഉടന്‍ തന്നെ സുഹൃത്തായിരുന്ന നടിയുടെ അമ്മ നടനെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു എന്നാണ് സന്ധ്യ പറഞ്ഞത്.ഈ പരാതികള്‍ക്ക് പിന്നാലെ മുകേഷ് പദവികള്‍ വിട്ടൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് സിപിഐഎമ്മില്‍ നിന്നടക്കം ആവശ്യങ്ങളുയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാമേഖലയിലെ വ്യക്തികളില്‍ നിന്നും നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് നിരവധി പേരാണ് രംഗത്തുവരുന്നത്.
ആരോപണങ്ങള്‍ക്ക് പിന്നാലെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഐഎം തീരുമാനത്തെ തുടര്‍ന്നാണ് നടപടി. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. എന്നാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കില്ലെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്. ലൈംഗികാരോപണ വിധേയനായ മുകേഷ് ഈ സമിതിയില്‍ തുടരരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തുകയായിരുന്നു.