കൊച്ചി: തന്നോട് അതിക്രമം കാണിച്ച എല്ലാവര്‍ക്കുമെതിരെ നിയമപരമായി നീങ്ങുമെന്ന് മിനു മുനീര്‍ വ്യക്തമാക്കി. അന്വേഷണ സംഘം ഫോണില്‍ സംസാരിച്ചിരുന്നു. വിശദമായ മൊഴിയെടുക്കാന്‍ അവര്‍ സമയം തേടിയിട്ടുണ്ട്. ആരോപണവിധേയര്‍ വെളിപ്പെടുത്തല്‍ നിഷേധിക്കാത്തത് താന്‍ പറയുന്നത് സത്യമായത് കൊണ്ടാണെന്നും മിനു പറഞ്ഞു
പരാതി ഇതിനകം എഴുതിയിട്ടുണ്ടെന്ന് മിനു പറഞ്ഞു. ഹേമ കമ്മീഷന്‍ മൊഴിയെടുക്കുന്ന സമയത്ത് താന്‍ ഇവിടെയില്ലായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നത് എല്ലാം തുറന്നുപറയാന്‍ ആത്മവിശ്വാസം നല്‍കി. ഏതെങ്കിലും സ്ത്രീകള്‍ ആക്രമിക്കപ്പെട്ടുവെങ്കില്‍ ധൈര്യമായി മുന്നോട്ടുവന്ന് പരാതി പറയാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ആത്മവിശ്വാസം തോന്നിയെന്നും മിനു പറഞ്ഞു.
വെളിപ്പെടുത്തലിന് ശേഷം എന്തെങ്കിലും സമ്മര്‍ദമുണ്ടായോ എന്ന ചോദ്യത്തിന് മിനുവിന്റെ മറുപടിയിങ്ങനെ…
 ”ഇന്നലത്തെ വെളിപ്പെടുത്തലിന് ശേഷം കുറേ മിസ് കോളുകള്‍ വന്നു. അറിയാത്ത നമ്പറുകളാണ്. ഇതുവരെ കോളെടുത്തിട്ടില്ല. സമ്മര്‍ദ്ദമൊന്നുമുണ്ടാവാന്‍ സാധ്യതയില്ല. എനിക്ക് നേരെ ആക്രമണമുണ്ടായത് എല്ലാവരും അറിയാന്‍ തന്നെയാണ് ഫേസ് ബുക്കിലിട്ടത്. കേസ് എന്തായെന്ന് ഇനി നിങ്ങള്‍ മാധ്യമങ്ങള്‍ തന്നെ ചോദിക്കും. എനിക്ക് നീതി കിട്ടണം. അവസാനം സത്യമേ ജയിക്കൂ. എത്രനാള്‍ സത്യം മൂടിവെയ്ക്കാന്‍ കഴിയും? മുകേഷായാലും ജയസൂര്യയായാലും താന്‍ ചെയ്തില്ല എന്ന് അവര്‍ക്ക് എന്റെ മുന്നില്‍ വന്ന് പറയാന്‍ കഴിയില്ല. പറഞ്ഞത് സത്യമായതുകൊണ്ടാണ് ഞാന്‍ ആര്‍ജ്ജവത്തോടെ നില്‍ക്കുന്നത്. ജനങ്ങളെന്ത് പറയുന്നുവെന്ന് കാര്യമാക്കുന്നില്ല. കോടതിയിലാണ് നീതി കിട്ടേണ്ടത്”.
മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും 2 പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെയും ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയുമാണ് മിനു പരാതി നല്‍കുക. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചത്. താന്‍ എതിര്‍ത്തതി്‌റെ പേരില്‍ അമ്മയിലെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. മണിയന്‍പിള്ള രാജുവില്‍ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വര്‍ഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീര്‍ പറഞ്ഞു. മിനു പറഞ്ഞിരുന്നുവെന്ന് ഗായത്രി സ്ഥിരീകരിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *