തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എംഎല്‍എ മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകള്‍. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎല്‍എയുടെ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഇരയ്‌ക്കൊപ്പമെന്ന വാദം സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി എംഎല്‍എക്കെതിരെ ആരോപണം വന്നപ്പോള്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടര്‍ച്ചയായി ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജി സംബന്ധിച്ച ആവശ്യവും ശക്തമായത്.
സര്‍ക്കാര്‍ നയം സ്ത്രീപക്ഷമാണെന്നാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണമെന്നിരിക്കെ എംഎല്‍എക്കെതിരായ ആരോപണത്തില്‍ തത്ക്കാലം രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. മുന്‍കാലങ്ങളില്‍ ലൈംഗികാരോപണങ്ങള്‍ നേരിട്ട പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നതും പാര്‍ട്ടി കാരണമായി കണക്കാക്കുന്നുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ നീക്കിയേക്കുമെന്നാണ് സൂചന.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചര്‍ച്ചയായത്. കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *