കൊച്ചി: സിനിമാ മേഖലയിൽ നേരിട്ട കാസ്റ്റിങ് കൌച്ച് തുറന്നുപറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെങ്കില്‍ വേഷം ലഭിക്കില്ലെന്ന് കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു ഫോണിലൂടെ പറഞ്ഞു.
കുറെ നായികമാര്‍ ഈ വഴി വന്നവരാണെന്നും. കോംപ്രമൈസ് ചെയ്തിട്ടാണ് നായികമാര്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും ഇയാൾ ഫോണിലൂടെ തന്നോട് പറഞ്ഞതായും സന്ധ്യ വെളിപ്പെടുത്തി.
അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുള്ളുവെന്ന് വിച്ചു പറഞ്ഞുവെന്നും സന്ധ്യ വ്യക്തമാക്കി.
‘ഒരു വര്‍ഷമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. അഭിനയം പാഷനാണ്, കുറച്ച് വര്‍ഷമായി ഇതിന് വേണ്ടി പരിശ്രമിക്കുകയാണ്. കാസ്റ്റിങ് ഡയറക്ടര്‍മാര്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയവരെ ബന്ധപ്പെടുമ്പോള്‍ നമ്മുടെ വിവരങ്ങള്‍ ചോദിക്കും. ഫോട്ടോസ് ചോദിക്കും.
പക്ഷേ നമ്മുടെ കഥാപാത്രത്തെക്കുറിച്ചോ, പ്രൊജക്ടിനെ കുറിച്ചോ ചോദിക്കുമ്പോള്‍ അവര്‍ സംസാരിക്കാന്‍ തയ്യാറാകില്ല. എക്‌സ്‌പോസിങ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തയ്യാറാണോ, എക്‌സ്‌പോസിങ് സീനുകള്‍ അഭിനയിക്കാന്‍ തയ്യാറാണോ, നിങ്ങള്‍ക്ക് ബോള്‍ഡ് സീനുകള്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്.
അതില്‍ പറ്റില്ലെന്ന് പറയുമ്പോള്‍ കാസ്റ്റിങ് കൗച്ചിന് തയ്യാറാണോ, അഡ്ജസ്റ്റിന് തയ്യാറാണോയെന്ന് ചോദിക്കും. ചില ആളുകള്‍ എക്‌സ്‌പോസിങ്ങ് ഫോട്ടോ ചോദിക്കും. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രമേ ചാന്‍സ് കിട്ടുള്ളു, അല്ലെങ്കില്‍ പാഷനും പിടിച്ച് വീട്ടിലിരിക്കാമെന്ന് പറയും’; സന്ധ്യ പറഞ്ഞു.
പ്രതിഫലത്തിന്റെ കാര്യത്തിലും വിലപേശല്‍ നടത്തേണ്ടി വരുമെന്നും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു. കണ്ണന്‍ദേവന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ 8000 ശമ്പളം പറഞ്ഞിട്ട് 2500 ആണ് തന്നത്.
ഈ മേഖലയിലെ പലര്‍ക്കും മോശം ഉദ്ദേശ്യമാണുള്ളതെന്നും പുരുഷാധിപത്യമുള്ള മേഖലയാണിതെന്നും സന്ധ്യ പറഞ്ഞു. പാഷന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും നല്ല വേഷങ്ങളാണെങ്കില്‍ ചെയ്യുമെന്നും വ്യക്തമാക്കിയ സന്ധ്യ തെറ്റായ രീതിയില്‍ അവസരങ്ങള്‍ വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പരസ്യ ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകന്‍ ചാറ്റ് ചെയ്തു, എറണാകുളത്ത് വന്നാല്‍ കാണാമെന്ന് പറഞ്ഞു. എന്നാല്‍ അയാളെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബന്ധപ്പെട്ടില്ലെന്നും സന്ധ്യ പറഞ്ഞു.
മുകേഷ് തന്റെ സുഹൃത്തായ നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് സന്ധ്യ വെളിപ്പെടുത്തി. വിലാസം കണ്ടുപിടിച്ച് ആരുമില്ലാത്ത സമയത്ത് വീട്ടില്‍ പോയി മോശമായി പെരുമാറിയെന്ന് നടി തന്നോട് പറഞ്ഞുവെന്ന് സന്ധ്യ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവമെന്നും അവര്‍ അപ്പോള്‍ തന്നെ മുകേഷിനെ ചീത്ത പറഞ്ഞ് ഇറക്കിവിട്ടുവെന്നും സന്ധ്യ പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *