ഭോപാൽ: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഹിന്ദു ദൈവങ്ങളായ രാമനെയും കൃഷ്ണനെയും വാഴ് ത്തേണ്ടിവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്.
പൗരന്മാർക്ക് അവരുടെ മതങ്ങൾ ആചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇന്ത്യ ഒരു രാജ്യമെന്ന നിലയിൽ നിലനിൽക്കുമ്പോൾ മാത്രമേ അവർക്ക് അതിജീവിക്കാൻ കഴിയൂ എന്നതിനാൽ പൗരന്മാർ ദേശസ്‌നേഹമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഹിന്ദു മുസ്ലിം എന്ന് വേർതിരിവ് കണക്കാക്കിയിട്ടില്ല. എന്നാൽ രാജ്യത്തിന് ദൈവത്തെ മനസിലാക്കുന്നവരെയും, ദൈവ സൃഷ്ടികളെ വിലമതിക്കുന്നവരെയുമാണ് വേണ്ടത്.
ഹിന്ദു ദേവതകളെ ആരാധിച്ച മധ്യകാല മുസ്ലീം കവികളായ റഹീമും റസ്‌ഖാനും ഇവിടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അശോക് നഗർ ജില്ലയിലെ ചന്ദേരി ടൗണിൽ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.