ചാരുംമൂട് : നൂറനാട് കരിമാൻ കാവ് ക്ഷേത്രത്തിന് സമീപത്തു നിന്നും അരുൺ കൃഷ്ണൻ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കാറിൽ വച്ചും നിരണത്തെ ആളൊഴിഞ്ഞ വീട്ടിൽ വച്ചും മർദ്ദിച്ചവശനാക്കുകയും മൊബൈൽ ഫോണും മോട്ടോർസൈക്കിളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
തിരുവല്ല നിരണം വില്ലേജിൽ നിരണം സെൻട്രൽ ഭാഗത്ത് മുണ്ടനാരിൽ വീട്ടിൽ മുണ്ടനാരി അനീഷ് എന്നു വിളിക്കുന്ന എം.എ.അനീഷ് കുമാറിനെ (39) യാണ് ഇന്നലെ രാത്രി എറണാകുളത്തു നിന്നും നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം,കൊലപാതകശ്രമം, കഞ്ചാവ് കടത്തൽ , ഭവനഭേദനം തുടങ്ങി മുപ്പതിലധികം കേസുകളിൽ പ്രതിയായ ഇയാൾ നിരണം ഭാഗത്തെ റോബിൻഹുഡ് എന്നാണ് അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘമാണ് അരുൺ കൃഷ്ണനെ തട്ടിക്കൊണ്ടു പോയത്.
സംഘാംഗമായ റെനു രാജനെ കരിമാൻകാവ് ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തിയതിന് കൈകാര്യം ചെയ്ത കൂട്ടത്തിലുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചാണ് അരുൺ കൃഷ്ണനെ ഇവർ തട്ടിക്കൊണ്ടുപോയത്. സംഘത്തിൽപെട്ട റെനു രാജൻ (26), ആദർശ് (19), ദീപക്ക് (19), മുഹമ്മദ് സെയ്ദലി (23), തരുൺ തിലകൻ (19), അഖിൽ.ടി.ആർ (23), ഫൈസൽ (30), ഉണ്ണിക്കുട്ടൻ ( 30 ) എന്നീ പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ അനീഷ് ഒളിവിലായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവി എം.പി.മോഹനചന്ദ്രൻ നായർ ചുമതലയേറ്റ ശേഷം ചെങ്ങന്നൂർ ഡിവൈഎസ്പി എം . കെ ബിനു കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
നിരണം പ്രദേശത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ വീടുകളിലും നിരന്തരം തിരച്ചിൽ നടത്തിയ അന്വേഷണ സംഘത്തിന് പലപ്പോഴും നിരാശപ്പെടേണ്ടി വന്നു. ഇതിനിടയിൽ ഇയാളുടെ ബാംഗ്ലൂർ, എറണാകുളം യാത്രകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇയാളുടെ സഹോദരൻ അഖിലിനെ 4.5 കിലോ ഗഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തിരുന്നു. ഗഞ്ചാവിനും ലഹരിക്കും അടിമപ്പെട്ട ഇയാൾ മുണ്ടനാരി കേന്ദ്രീകരിച്ച് ചെറുപ്പക്കാരുടെ ഒരു സംഘത്തെ ആദ്യം ലഹരിക്കടിമപ്പെടുതിയ ശേഷം അക്രമ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരികയായിരുന്നു.
ഇന്നലെ രാത്രി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒളിത്താവളത്തിൽ നിന്ന് നൂറനാട് സി.ഐ എസ്.ശ്രീകുമാർ, എസ്.ഐ എസ്.നിതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല, ആറന്മുള, ഹരിപ്പാട്, വീയപുരം, നൂറനാട് , മാന്നാർ , എടത്വ എന്നീ സ്റ്റേഷൻ പരിധികളിൽ 2007 മുതൽ 33 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പതിനേഴാം വയസ്സിൽ വാഹന മോഷണത്തിലാണ് ഇയാളുടെ ക്രിമിനൽ ചരിത്രത്തിൻ്റെ തുടക്കമെന്ന് പോലീസ് പറഞ്ഞു.