ഡല്‍ഹി: തനിക്ക് നേരെ ഉയരുന്ന ആ വലിയ ചോദ്യത്തിന് വീണ്ടും മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തവണ ശ്രീനഗറില്‍ കശ്മീരി വിദ്യാര്‍ഥിനികളാണ് രാഹുലിന് നേരെ ചോദ്യമെറിഞ്ഞത്. എപ്പോഴാണ് വിവാഹം എന്നായിരുന്നു ചോദ്യം.
തന്റെ യൂട്യൂബ് ചാനലില്‍ രാഹുല്‍ ഗാന്ധി പങ്കിട്ട വീഡിയോയിലാണ് വിദ്യാര്‍ഥികളുടെ ചോദ്യവും അദ്ദേഹത്തിന്റെ രസകരമായ മറുപടിയുമുള്ളത്.
വിവാഹം കഴിക്കാനുള്ള സമ്മര്‍ദത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി വിദ്യാര്‍ഥിനികളോട് ചോദിക്കവേയാണ് അവര്‍ തിരിച്ച് രാഹുല്‍ ഗാന്ധിയോട് വിവാഹക്കാര്യം ചോദിക്കുന്നത്. ’20-30 വര്‍ഷം ഞാന്‍ ആ സമ്മര്‍ദത്തെ അതിജീവിച്ചു എന്നായിരുന്നു രാഹുലിന്റെ മറുപടി.
വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഞാന്‍ അത് പ്ലാന്‍ ചെയ്യുന്നില്ല എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. വിവാഹത്തിന് തങ്ങളേയും ക്ഷണിക്കണമെന്ന് വിദ്യാര്‍ഥിനികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ ക്ഷണിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി.
മേയില്‍ റായ്ബറേലിയില്‍ നാമനിര്‍ദേശം സമര്‍പ്പിച്ചതിന് പിന്നാലെ ആദ്യമായി മണ്ഡലത്തില്‍ റാലി നടത്തിയപ്പോള്‍ രാഹുല്‍ ഈ ചോദ്യം അഭിമുഖീകരിച്ചിരുന്നു.
ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സമ്മേളനത്തിനെത്തിയ പ്രിയങ്ക രാഹുലിനോട് പറയുകയായിരുന്നു. എന്താണ് ചോദ്യം എന്ന് രാഹുല്‍ ചോദിച്ചപ്പോഴാണ് ‘ഷാദി കബ് കരോഗേ (നിങ്ങള്‍ എപ്പോഴാണ് വിവാഹം കഴിക്കുക)? എന്ന ചോദ്യമുയര്‍ന്നത്.