ഡൽഹി: വിമാനത്തിൽവച്ച് ബാഗ് നഷ്ടമായ യാത്രക്കാരന് ഇൻഡിഗോ നൽകിയ നഷ്ടപരിഹാര തുകയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
അസം സ്വദേശിയായ മോണിക് ശർമ്മയുടെ ബാഗാണ് നഷ്ടമായത്. ബാഗിൽ 45,000 രൂപയും പാൻകാർഡും ഡ്രൈവിങ് ലൈസൻസും ഉണ്ടായിരുന്നു.
ബാഗും രേഖകളും നഷ്‌ടമായ വിവരം ഇൻഡിഗോ കമ്പനിയെ അറിയിച്ചപ്പോൾ നഷ്ടപരിഹാരമായി മോണിക്കിന് നൽകിയത് 2,450 രൂപയാണ്. ഇതിനെതിരെ മോണിക്കിന്റെ സുഹൃത്ത് രവി ഹന്തയാണ് എക്സിലൂടെ രൂക്ഷവിമർശനം ഉയർത്തിയത്.
ഒരു മാസം മുൻപായിരുന്നു സംഭവം. കൊൽക്കത്തയിൽനിന്നും ഗുവാഹത്തിയിലേക്ക് വരികയായിരുന്നു മോണിക് ശർമ്മ. കൊൽക്കത്ത വിമാനത്താവളത്തിൽ ബാഗ് ചെക്ക് ചെയ്തു. പക്ഷേ, ഗുവാഹത്തിയിൽ ബാഗ് എത്തിയില്ല.
ഒരു മാസത്തിനുശേഷം ഇൻഡിഗോ 2450 രൂപ നഷ്ടപരിഹാരമായി വാഗ്‌ദാനം ചെയ്തെന്നായിരുന്നു രവി ഹന്ത എക്സിൽ കുറിച്ചത്. ഇത് പരിഹാസ്യമാണ്. ബാഗിന് അതിനേക്കാൾ കൂടുതൽ വില വരുമെന്ന് ബോർഡിങ് പാസിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം എഴുതി.
പോസ്റ്റ് വൈറലായതോടെ നിരവധി പേർ എയർലൈനെ വിമർശിച്ച് രംഗത്തെത്തി. അതേസമയം, ഇൻഡിഗോയുടെ സോഷ്യൽ മീഡിയ ടീമിൽ നിന്നുള്ള ഒരു പ്രതിനിധി താനുമായി ബന്ധപ്പെട്ടുവെന്നും വിഷയം പരിശോധിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതായി രവി ഹന്ത അറിയിച്ചു.