കോഴിക്കോട്: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിര്‍മ്മാതാവെന്ന പേരില്‍ ഒരാള്‍ വിളിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും പറഞ്ഞെന്ന് വെളിപ്പെടുത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അമൃത കെ. പറ്റില്ലെന്ന് പറഞ്ഞ് താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും അമൃത പറഞ്ഞു.
കോര്‍ഡിനേറ്റേഴ്‌സാണ് സിനിമയിലേക്ക് വിളിക്കുക. വേതനം കൃത്യമായി കിട്ടാറില്ല. ചില സമയത്ത് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും നിവര്‍ത്തിയില്ല.
പണം നല്‍കുന്നില്ലെന്ന് മാത്രമല്ല, മാനുഷിക പരിഗണന നല്‍കാറില്ലെന്നും 2000 രൂപയാണ് പ്രതിഫലം പറയുന്നതെങ്കിലും 500 രൂപയൊക്കെ മാത്രമേ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കിട്ടുന്നുള്ളുവെന്നും അമൃത പറഞ്ഞു.
പ്രൊഡ്യൂസര്‍ എന്ന പേരില്‍ ഷൈജു എന്നയാള്‍ രാത്രി വാട്‌സ്ആപ്പ് ചെയ്തു. 10 മണിക്ക് ശേഷം ഫോണില്‍ വിളിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ സംസാരിക്കാതെ പോയ അയാള്‍ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബന്ധപ്പെട്ടു.
തനിക്ക് കുഞ്ചാക്കോ ബോബന്റെ സിനിമയില്‍ അപര്‍ണ ബാലമുരളിയുടെ സുഹൃത്തായുള്ള ക്യാരക്ടര്‍ റോള്‍ നല്‍കാമെന്ന് പറഞ്ഞു. 2,40,000 രൂപയാണ് തനിക്കുള്ള വേതനമെന്ന് പറഞ്ഞത്. 50,000 രൂപ എഗ്രിമെന്റിനൊപ്പം നല്‍കാമെന്നും പറഞ്ഞു.
എന്നാല്‍ ഇതിനൊപ്പം അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിച്ചു. എന്താണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ ഫിലിം ഫീല്‍ഡ് അല്ലേ അഡ്ജസ്റ്റ്‌മെന്റൊക്കെ ഉണ്ടെന്ന് അറിയില്ലേ എന്നായിരുന്നു മറുപടി. കിടക്ക പങ്കിടാന്‍ തയ്യാറാണോ എന്നും അയാള്‍ ചോദിച്ചു. താത്പര്യമില്ലെന്ന് പറഞ്ഞതോടെ ആ അവസരം നഷ്ടമായെന്നും യുവതി പറഞ്ഞു.