കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ വിവിധ സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നടി മിനു മുനീറിന്റെ ആരോപണങ്ങള്‍ ശരിവച്ച് നടി ഗായത്രി വര്‍ഷ. നേരത്തെ തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി വര്‍ഷയോട് സംസാരിച്ചിരുന്നുവെന്ന് മിനു പറഞ്ഞിരുന്നു.
സിനിമ സെറ്റിലെ മോശം പെരുമാറ്റത്തെക്കുറിച്ച് മിനു തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഗായത്രി വ്യക്തമാക്കി. ടാ തടിയ എന്ന സിനിമയുടെ സെറ്റില്‍ വച്ച് മണിയന്‍പിള്ള രാജു വന്ന് വാതിലില്‍ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നുവെന്നാണ് ഗായത്രി വര്‍ഷ പറയുന്നത്. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന പേടിയില്‍ ഇത്തരം മോശം പെരുമാറ്റത്തോട് പ്രതികരിക്കാതിരിക്കുന്നത് സിനിമ മേഖലയിലെ അലിഖിത നിയമം ആയിട്ടുണ്ടെന്ന് ഗായത്രി വര്‍ഷ പ്രതികരിച്ചു.
ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ 50 ശതമാനം ആളുകള്‍ പോലും ഉണ്ടാകില്ല. പരാതിയുമായി വരുന്നവര്‍ പരാതിയുമായി വരട്ടെ അതിന് വ്യക്തമായ നിയമനടപടി ഉണ്ടാകട്ടെ. കക്ഷി രാഷ്ട്രീയത്തില്‍ ആരോപിതാക്കള്‍ എവിടെ നില്‍ക്കുന്നു എന്നത് ഇവിടെ വിഷയമാകരുത് എന്നാണ് തന്റെ നിലപാട് എന്നും ഗായത്രി വര്‍ഷ പറഞ്ഞു.
അതേ സമയം നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായാണ് നടി മിനു മുനീര്‍ രംഗത്ത് എത്തിയത്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ പറഞ്ഞു. സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *