ചണ്ഡീഗഢ് : പിശാചിൽ നിന്ന് ശരീരത്തെ മോചിപ്പിക്കാനെന്ന പേരില്‍ 30-കാരനെ പാസ്റ്ററും എട്ട് പേരും ചേർന്ന് അടിച്ചു കൊന്നു. പഞ്ചാബിലെ ഗുരുദാസ്‌പൂർ ജില്ലയിലാണ് സംഭവം. ഗുരുദാസ്‌പൂരിലെ ധാരിവാളിലെ സിങ്പുര ഗ്രാമവാസിയായ സാമുവൽ മസിഹ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സാമുവല്‍ മസിഹിന് ചുഴലിദീനമുണ്ടെന്നും ഇദ്ദേഹം ഇടക്കിടെ നിലവിളിക്കുമായിരുന്നു എന്നും പൊലീസ് പറയുന്നു.
ബുധനാഴ്‌ച സാമുവലിന് വേണ്ടി പ്രാർഥന നടത്താൻ ജേക്കബ് മസിഹ് എന്ന പ്രാദേശിക പാസ്റ്ററെ കുടുംബം അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. സാമുവലിന് പിശാച് ബാധയുണ്ടെന്ന് പാസ്റ്റർ വീട്ടുകാരോട് പറഞ്ഞു.
തുടർന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പാസ്‌റ്ററും മറ്റ് എട്ട് പേരും ചേർന്ന് സാമുവലിനെ ക്രൂരമായി മർദിച്ചു. മര്‍ദനം സാമുവലിന്‍റെ ശരീരത്തിൽ നിന്ന് പിശാചിനെ അകറ്റുമെന്ന് പാസ്‌റ്റര്‍ കുടുംബത്തോട് പറഞ്ഞു. സാമുവലിന് ഒന്നും സംഭവിക്കില്ലെന്ന് പാസ്‌റ്റര്‍ കുടുംബത്തിന് ഉറപ്പുനൽകിയതായും പൊലീസ് പറഞ്ഞു.
മാരകമായ മർദനമേറ്റ സാമുവല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അടുത്ത ദിവസം വീട്ടുകാർ അദ്ദേഹത്തെ സംസ്‌കരിച്ചു എന്നും പൊലീസ് വിശദീകരിച്ചു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സാമുവലിന്‍റെ അമ്മയും ഭാര്യയും പാസ്റ്റർക്കെതിരെ പരാതി നൽകിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *