മുംബൈ: മഹാരാഷ്‌ട്രയിലെ നന്ദേഡ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വസന്ത് ചവാൻ (69) അന്തരിച്ചു.
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
കുറഞ്ഞ രക്തസമ്മര്‍ദവും ശ്വാസതടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹത്തെ നന്ദേഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട്, അവിടെ നിന്നും വിദഗ്ധ ചികിത്സയ്‌ക്കായി അദ്ദേഹത്തെ എയര്‍ ആംബുലൻസില്‍ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.
ഈ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ് എംപിയായ പ്രതാപ് പാട്ടീൽ ചിഖാലിക്കറെ പരാജയപ്പെടുത്തിക്കൊണ്ടാണ് വസന്ത് ചവാൻ പാര്‍ലമെന്‍റിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പില്‍ 59,442 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജയം.
നന്ദേഡ് ജില്ലയിലെ നയ്‌ഗാവിൽ ജനിച്ച വസന്ത് ചവാൻ തന്‍റെ ഗ്രാമത്തിലെ സര്‍പഞ്ചായി പ്രവര്‍ത്തിച്ചുകൊണ്ടാണ് രാഷ്‌ട്രീയത്തിലേക്കെത്തുന്നത്. പിന്നീട്, ജില്ല പരിഷത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് സംസ്ഥാന ലെജിസ്ലീറ്റീവ് കൗണ്‍സിലിലും അവസരം ലഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *