കൊച്ചിയില്‍ തിരുവോണദിനത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും; ഐഎസ്എൽ മത്സരക്രമം പുറത്ത്

കൊല്‍ക്കത്ത: ഐഎസ്എൽ പതിനൊന്നാം സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബർ 13ന് കൊൽക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 7.30ന് മത്സരത്തിന് കിക്കോഫാകും. കൊച്ചിയിൽ തിരുവോണ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം. ഈ മത്സരവും വൈകിട്ട് ഏഴരയ്ക്കാണ് ആരംഭിക്കുക. 

ഐഎസ്എല്ലിൽ ഇത്തവണ പന്തുരുളുന്നത് കഴിഞ്ഞ സീസൺ നിർത്തിയിടത്തുനിന്ന്. പത്താം സീസണിലെ ഫൈനലിസ്റ്റുകളായ
മുംബൈ സിറ്റി എഫ്‌സിയും മോഹൻ ബഗാന്‍ എഫ്‌സിയും ഉദ്ഘാടന മത്സരത്തിൽ നേർക്കുനേർ വരും. സീസണിലെ ആദ്യ മത്സരത്തിന് സെപ്റ്റംബർ പതിമൂന്നിന് മോഹൻ ബഗാന്‍റെ ഹോം ഗ്രൗണ്ടായ കൊൽക്കത്തയാണ് വേദിയാവുന്നത്. നാല് മാസം മുൻപത്തെ ഫൈനലിൽ മുംബൈ സിറ്റിയോടേറ്റ തോൽവിക്ക് അതേ വേദിയിൽ പകരം വീട്ടിത്തുടങ്ങാന്‍ മോഹൻ ബഗാന് ഇത് സുവർണാവസരം. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇല്ലാതെ ഉദ്ഘാടന മത്സരം നടക്കുന്നത് 2016ന് ശേഷം ആദ്യം എന്ന അപൂര്‍വതയുണ്ട് ഇത്തവണ.

ഓണാഘോഷത്തിന് ബ്ലാസ്റ്റേഴ്‌സ്, തിരുവോണദിനം കസറും

സെപ്റ്റംബർ 15ന് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ മത്സരത്തിന് ഇറങ്ങും. തിരുവോണ
ദിവസത്തെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. ഡിസംബർ 30 വരെയുള്ള മത്സരക്രമമാണ് ഐഎസ്എൽ അധികൃതര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബർ 22നും ഒക്ടോബർ 25നും നവംബർ ഏഴിനും 24നും 28നും ഡിസംബർ 22നുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ മറ്റ് ഹോം മത്സരങ്ങൾ. ഐ ലീഗ് ചാമ്പ്യൻമാരായ മുഹമ്മദൻ സ്പോർട്ടിംഗ് കൂടി എത്തിയതോടെ ഇത്തവണ ഐ എസ് എല്ലിൽ മാറ്റുരയ്ക്കുന്നത് 13 ടീമുകളാണ്. ലീഗ് ഘട്ടത്തിൽ ഓരോ ടീമിനും 24 മത്സരങ്ങൾ വീതമുണ്ടാകും. 

Read more: ചെല്‍സി ഗോള്‍സീയായി; നോനിയുടെ ഹാട്രിക്കില്‍ ആറ് ഗോളുമായി കൂറ്റന്‍ ജയം, ആന്‍ഫീല്‍ഡ് ചുവപ്പിച്ച് ലിവര്‍പൂള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed