കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കേന്ദ്രസംഘം തിങ്കളാഴ്ച ജില്ലയിലെത്തും.
കേന്ദ്ര ദുരന്ത നിവാരണ സേനയിലെ പ്രത്യേക സംഘമാകും ഉരുൾപൊട്ടൽ ബാധിത മേഖലയിലെത്തി പഠനം നടത്തുക. ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങൾ സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
അതിനിടെ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിനായി വിദഗ്ധ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചു.
നാശഷ്ടങ്ങൾ ഉണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, പുനർനിർമ്മാണത്തിനുള്ള നിർദേശങ്ങൾ നൽകുക എന്നിവ ലക്ഷ്യമിട്ടാണ് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുള്ളത്.
ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെ ഞായറാഴ്ച നടത്തിയ തിരച്ചിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെ മുടിയും അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്.
കാണാതായവരുടെ ബന്ധുകൾ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തിരച്ചിൽ. എൻഡിആർഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്‌സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് മേഖലയിൽ തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ ആഴ്ചകളിൽ ഇവിടെ നിന്ന് നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ദുരന്തമേഖലയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗവും ചേരുന്നുണ്ട്. രാവിലെ 10 ന് കലക്ടറേറ്റിലാണ് യോഗം ചേരുന്നത്.