കൊച്ചി: സിനിമ കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 350 ക്ഷണിതാക്കള്‍ പങ്കെടുക്കും. സിനിമാനയം രൂപീകരിക്കുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. കെഎസ്എഫ്ഡിസിയ്ക്കാണ് ഏകോപന ചുമതല. കോണ്‍ക്ലേവിന് മുന്‍പ് സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തും. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍ കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളത്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോണ്‍ക്ലേവ് നടത്തുന്നതെന്ന് ഡബ്ല്യുസിസിയും ചോദിച്ചിരുന്നു. അതേസമയം, നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കാനാണ് തീരുമാനം. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed