തിരുവനന്തപുരം: ലൈംഗികാരോപണം നേരിട്ട ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻെറ രാജിയിലേക്ക് നയിച്ചത് സി.പി.ഐയുടെ ശക്തമായ ഇടപെടൽ. ആരോപണ വിധേയനായ രഞ്ജിത്തിനെ അക്കാദമി അധ്യക്ഷ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ രാഷ്ട്രീയ സമ്മർദ്ദം മുറുക്കിയത് സ‍ർക്കാർ നിലപാടിനെ സ്വാധീനിച്ചു.
രഞ്ജിത്തിനെ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കാതെ സംരക്ഷിക്കാനാണ് തീരുമാനമെങ്കിൽ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും സി.പി.ഐ മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. സി.പി.ഐയുടെ സമ്മർദ്ദത്തിന് ഒപ്പം ചലച്ചിത്ര രംഗത്തെ സീനിയർ നടിമാർ ഉൾപ്പെടെയുളള വനിതകൾ സ്വീകരച്ച കർശന നിലപാട് കൂടിയായപ്പോൾ രഞ്ജിത്തിൻെറ രാജിക്ക് കളം ഒരുങ്ങുകയായിരുന്നു.
ബംഗാളി നടി ശ്രീലേഖ മിത്രയോട് ലൈംഗിക താൽപര്യത്തോടെ പെരുമാറിയെന്ന ആരോപണം പുറത്തുവന്നപ്പോൾ തന്നെ രഞ്ജിത്തിനെ ഒഴിവാക്കണമെന്ന സമീപനം സ്വീകരിക്കാൻ സി.പി.ഐ തീരുമാനിച്ചിരുന്നു. പാർട്ടി നിലപാട് അറിയിക്കാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു.

രഞ്ജിത്തിൻെറ രാജിയല്ലാതെ മറ്റ് മാർഗമില്ലെന്നും തുടരാൻ അനുവദിച്ചാൽ അത് സർക്കാരിനും മുന്നണിക്കും ഒരുപോലെ നാണക്കേടും ബാധ്യതയുമായി മാറുമെന്ന് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു ബിനോയ് വിശ്വത്തിൻെറ ഇടപെടൽ.

സി.പി.ഐ നിയമസഭാ കക്ഷിനേതാവ് എന്ന നിലയിൽ റവന്യു മന്ത്രി കെ.രാജനും മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെപ്പറ്റി പൊതു സമൂഹത്തിൽ വലിയ ചർച്ച നടക്കുന്നുണ്ട്. ഇത്രയധികം ചൂഷണം നടക്കുന്ന മേഖലയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിൽ ഉയർന്നുവന്ന ആരോപണത്തിൽ നടപടി സ്വീകരിക്കാതെ ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ തുടരാൻ അനുവദിച്ചാൽ സർക്കാരിന് വലിയ പ്രതിഛായാ നഷ്ടം ഉണ്ടാക്കുമെന്നും സി.പി.ഐ മുന്നറിയിപ്പ് നൽകി.

സി.പി.ഐ നിലപാട് അറിയിച്ചതിന് പിന്നാലെ രഞ്ജിത്തിനെ മാറ്റിനിർത്താത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച് പാ‍ർട്ടിയുടെ യുവജന സംഘടനയായ  എ.ഐ. വൈ.എഫും രംഗത്തെത്തി.

രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് മുന്നണിയിലെ രാഷ്ട്രീയ പ്രശ്നമായി വളരുമെന്ന് ഇതോടെ സി.പി.എമ്മിനും സർക്കാരിനും ബോധ്യപ്പെട്ടു.  ആരോപണ വിധേയനായ രഞ്ജിത്തിനെ പുറത്തേക്ക് നയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതിൻെറ ആഹ്ലാദം വെളിവാക്കുന്ന തരത്തിലായിരുന്നു രാജി തീരുമാനം പുറത്തുവന്നതിന് പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻെറ പ്രസ്താവന.
ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നതെന്നായിരുന്നു ബിനോയ് വിശ്വത്തിൻെറ പ്രതികരണം. പ്രബുദ്ധകേരളത്തിൻ്റെ സാംസ്കാരികൗന്നത്യത്തിൻ്റെ മുഖത്ത് കളങ്കമേശരുതെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. മലയാള സിനിമയിൽ സ്ത്രീകളുടെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഉറപ്പുണ്ടാകണമെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന് നിർബന്ധമുണ്ട്. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ നിലപാടുകളെ കമ്മ്യൂണിസ്റ്റ് പാർട്ടി സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണെന്നും ബിനോയ്  പ്രസ്താവനയിൽ പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ കാലവിളംബം കൂടാതെ നടപ്പിലാക്കാൻ എൽ ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആ ദിശയിലുള്ള സർക്കാർ നടപടികളെ സി.പി.ഐ പിന്താങ്ങുമെന്നും  ബിനോയ് വിശ്വം വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്തിനെയോ അദ്ദേഹത്തിന് എതിരെ ഉയർന്നുവന്ന ആരോപണത്തെപ്പറ്റിയോ പ്രസ്താവനയിൽ നേരിട്ട് പരാമര്‍ശമില്ല എന്നത് ശ്രദ്ധേയമാണ്.  അക്കാദമി അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് രഞ്ജിത്ത് നടത്തിപോന്ന പല നടപടികളിലും ഏകാധിപത്യപരമായ ഭരണശൈലിയിലും സി.പി.ഐക്ക് നേരത്തെ തന്നെ ശക്തമായ എതിർപ്പുണ്ടായിരുന്നു.
അക്കാദമി ജനറൽ കൗൺസിൽ യോഗങ്ങളിൽ തനിക്ക് പറയാനുളളത് മാത്രം പറഞ്ഞ് ഇറങ്ങി പോകുന്ന രഞ്ജിത്ത് മറ്റ് അംഗങ്ങൾക്ക് പറയാനുളളത് എന്താണെന്ന് കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല. അക്കാദമിയിലെ സി.പി.ഐ പ്രതിനിധികൾ ഇത് ചോദ്യം ചെയ്തിരുന്നു.
ഒരു കൊല്ലം മുൻപുളള സംസ്ഥാന അവാർഡ് നിർണയത്തിൽ രഞ്ജിത്ത് അനാവശ്യമായി കൈകടത്തിയെന്ന ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തൽ വന്നപോഴും രഞ്ജിത്തിനെതിരെ സി.പി.ഐ കർശന സമീപനം സ്വീകരിച്ചിരുന്നു. എന്നാൽ രഞ്ജിത്തിൻെറ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് തുടർ നടപടികളിലേക്ക് പോയില്ല. എന്നാൽ ലൈംഗികാരോപണം ഉയർന്നുവന്നതോടെ ഇനി വിട്ടുവീഴ്ച വേണ്ടെന്ന കർശന നിലപാടിലേക്ക് സി.പി.ഐ എത്തുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *