ദുബായ്: ടെലിമാർക്കറ്റിംഗിന് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കി യുഎഇ. അനാവശ്യമായ ടെലിമാർക്കറ്റിം​ഗിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെയും യുഎഇയിലെ വിപണന പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും ഭാ​ഗമായി കടുത്ത നിയന്ത്രണങ്ങളാണ് ഈ മേഖലയിൽ നടപ്പിലാക്കിയിരിക്കുന്നത്.
നിയമലംഘകർക്ക് ഒരു ലക്ഷം മുതൽ 1.5 ലക്ഷം ദിർഹം വരെ പിഴയും മറ്റ് ഭരണപരമായ പിഴകൾ ഉൾപ്പെടെയുള്ളവയും ചുമത്തപ്പെടും. സാമ്പത്തിക മന്ത്രാലയത്തിൻ്റെയും ടിഡിആർഎയുടെയുമാണ് നടപടി.
പിഴയ്ക്ക് പുറമെ നിയമലംഘനം നടത്തുന്ന കമ്പനിയുടെ പ്രവർത്തനം ഭാഗികമായോ പൂർണ്ണമായോ താൽക്കാലികമായി നിർത്തിവയ്ക്കുക, ലൈസൻസ് റദ്ദാക്കുക, വാണിജ്യ രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യുക, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ വെട്ടിക്കുറയ്ക്കുക, ഒരു വർഷത്തേക്ക് രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നിർത്തലാക്കുക തുടങ്ങിയ കടുത്ത നടപടികളും നേരിടേണ്ടി വരും.
ടെലിമാർക്കറ്റിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് വിപണന കമ്പനികൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി നേടണം, വ്യക്തികൾ അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോണുകൾ ഉപയോഗിച്ച് മാർക്കറ്റിംഗ് കോളുകൾ വിളിക്കരുത്, എല്ലാ മാർക്കറ്റിംഗ് കോളുകളും ലൈസൻസുള്ള ടെലിമാർക്കറ്റിംഗ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോണുകളിൽ നിന്നായിരിക്കണം, മാർക്കറ്റിംഗ് കോളുകൾ രാവിലെ 9 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിൽ മാത്രമേ അനുവദിക്കൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *