തൊടുപുഴ: യുവ നടനെതിരെ ആരോപണവുമായി നടി സോണിയ മൽഹാർ. 2013-ൽ ജൂനിയർ ആർട്ടിസ്റ്റായിട്ട് അഭിനയിക്കുന്ന സമയത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ചാണ് ദുരനുഭവം. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റിൽ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിച്ചു
വളരെയേറെ ആരാധന ഉണ്ടായിരുന്ന താരമായിരുന്നുവെന്നും അദ്ദേഹത്തിൽ നിന്ന് ഇത്തരം പെരുമാറ്റമുണ്ടാവുമെന്ന് കരുതിയില്ലെന്നും സംഭവത്തിന് ശേഷം പേടിയായി തുടങ്ങിയെന്നും അവർ പറഞ്ഞു.
തള്ളിമാറ്റിയ ശേഷം എന്തിനാണിങ്ങനെ ചെയ്തതെന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചു. തനിക്ക് വളരെ ഇഷ്ടമാണെന്നും പൊന്നു പോലെ നോക്കിക്കോളാമെന്നും പറഞ്ഞുവെന്ന് സോണിയ പറഞ്ഞു. പിന്നീട് നടൻ ക്ഷമ ചോദിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
അയാളിപ്പോൾ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇതറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനുപിറകേ എനിക്ക് നടക്കാൻ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാൻ പറ്റില്ലെന്നുതോന്നി. അതുകൊണ്ടാണ് പറയുന്നതെന്നും അവർ പറഞ്ഞു..