ടെന്‍ഷന്‍ വേണ്ട, സുനിത വില്യംസ് സുരക്ഷിത; വെളിപ്പെടുത്തി റഷ്യന്‍ ബഹിരാകാശ സഞ്ചാരി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരെന്ന് റഷ്യന്‍ ബഹിരാകാശ സഞ്ചാരി സെര്‍ജീ കൊര്‍സാകോവ്. ആറ് മാസം നീണ്ട ദൗത്യത്തിന് ശേഷം ഐഎസ്എസില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങിവന്ന റഷ്യന്‍ ബഹിരാകാശ സഞ്ചാരിയാണ് സെര്‍ജീ കൊര്‍സാകോവ്. 

ഇരു ബഹിരാകാശ സഞ്ചാരികളും സുരക്ഷിതരാണ്. ഏതൊരു പ്രശ്‌നവും പരിഹരിക്കപ്പെടും എന്നാണ് വിശ്വസിക്കുന്നത്. ഡ്രാഗണ്‍ പേടകവും സോയൂസ് പേടകവും ഉപയോഗിക്കുന്നത് അടക്കം ബഹിരാകാശ ഏജന്‍സികള്‍ എല്ലാ സാധ്യതകളും പരിഗണിക്കും. ബഹിരാകാശത്ത് ആയിരുന്നപ്പോള്‍ ഭൂമിക്ക് 400 കിലോമീറ്റര്‍ അരികെയായിരുന്നു ഞാന്‍. ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കിക്കാണുക ആശ്ചര്യമാണ്. അവിടെ നിന്ന് നോക്കുമ്പോള്‍ അതിര്‍വരമ്പുകളില്ലാത്ത ലോകമാണ് ഭൂമി. ഭൂമിയെ സമാധാനത്തിലും സുരക്ഷിതവുമായി നിലനിര്‍ത്താനുള്ള പ്രചേദനമാണ് ഇത് നല്‍കുന്നത്. ഇന്ത്യയുടെ ഗഗന്‍യാന്‍ പര്യവേഷകര്‍ക്കടുത്ത് ഞാന്‍ പരിശീലനം നടത്തിയിട്ടുണ്ട്. അവര്‍ വളരെ കൂര്‍മബുദ്ധിശാലികളും കരുത്തരും ആകാംക്ഷ നിറഞ്ഞവരുമാണ്. വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്കാകും. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതായും സെര്‍ജീ കൊര്‍സാകോവ് തന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പറഞ്ഞു. 

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത വില്യംസും ബുച്ച് വില്‍മോറും അവിടെ 80 ദിവസം പിന്നിടുകയാണ്. ഇരുവരെയും കൊണ്ടുപോയ ബോയിംഗ് സ്റ്റാർലൈനർ പേടകം തകരാറിലായതോടെയാണിത്. ഐഎസ്എസില്‍ നിന്നുള്ള സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റേയും മടക്കം അടുത്ത വർഷമായിരിക്കുമെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്. തകരാറിലുള്ള സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരിച്ചുകൊണ്ടുവരാനാണ് നാസയുടെ തീരുമാനം. സ്പേസ് എക്സിന്‍റെ ക്രൂ 9 ദൗത്യ സംഘങ്ങൾക്കൊപ്പം ഡ്രാഗൺ പേടകത്തിലാണ് സുനിതയെയും ബുച്ചിനെയും തിരിച്ചുകൊണ്ടുവരിക. 2025 ഫെബ്രുവരിയിലാകും ഈ മടക്കയാത്ര.

Read more: ഒടുവിൽ തീരുമാനമായി, സുനിതയുടെ മടക്കം ഈ വർഷം പ്രതീക്ഷിക്കണ്ട; മടക്കം സ്റ്റാർലൈനറിലാകില്ല, നാസയുടെ നീക്കം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin