തിരുവനന്തപുരം: ഹേമാ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവച്ചതിലൂടെ സർക്കാർ ആരെ സംരക്ഷിക്കാനാണ് മുന്നോട്ട് വന്നത് എന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് സമ്പുർണമായി പുറത്തുവിടണം എന്ന് ആവശ്യപ്പെടുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
വിവാരാവകാശ നിയമം മൂലം പുറത്തുവിട്ട ഭാഗങ്ങൾ തന്നെ അപൂർണമാണ്. പുറത്തുവന്ന റിപ്പോർട്ടിൽ 11 പാരാഗ്രാഫുകൾ മാറ്റുകയാണ് ഉണ്ടയത്. ഇതിൽനിന്നെല്ലം വ്യക്തമാകുന്നത് സർക്കാർ ആരെയൊക്കെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നതാണ് എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഇന്ന് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും സംശയത്തിന്റെ നിഴലിലാണ്. അങ്ങിനെ എല്ലാവരും സംശയത്തിന്റെ നിഴലിൽ വരേണ്ട കാര്യമില്ല. നിരപരാധികൾ പോലും സംശയിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാകണമെങ്കിൽ റിപ്പോർട്ട് സമ്പൂർണമായി പുറത്തുവിടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന കേട്ടാലറിയാം ഗവൺമെന്റ് ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ പോകുന്നില്ലെന്ന്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങും വാർത്തകളു കേരളത്തിൽ എന്തോ സങ്കീർണമായ പ്രശ്നങ്ങൾ നടക്കുന്നുവെന്ന തരത്തിലാണ്. ഇത് കേരളത്തിന് ദോഷകരമാണ്. ഇത്തരം സാഹചര്യത്തിൽ റിപ്പോർട്ട് സമ്പുർണമായി പുറത്തുവിടുകയെന്നതാണ് ഏക പോംവഴി എന്നും ചെന്നിത്തല പറഞ്ഞു.