പാലാ: തനിക്ക് ഉണ്ടായ ദുഖങ്ങളെക്കുറിച്ചും വേദനകളെക്കുറിച്ചും പരാതിയില്ലെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.സീറോ മലബാര്‍സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന അനുഗ്രഹ പ്രഭാഷണത്തിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി മനസു തുറന്നത്. പരിശ്രമങ്ങളിലൂടെ തനിക്കുണ്ടായ ദുഖങ്ങള്‍ കര്‍ത്താവില്‍ സമര്‍പ്പിച്ചു കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കാലങ്ങളില്‍ താന്‍ സ്വീകരിച്ച മൗനം സഭയ്ക്കു ദോഷം ചെയ്തു എന്നു പറയുന്നവരും ഉണ്ട്. തനിക്ക് ആരോടും ഒരു വിരോധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ധനം കൊടുത്തു യൂദാസിന്റെ പ്രവര്‍ത്തനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ സഭയിലും സമൂഹത്തിലും നടക്കുന്നുണ്ട്. പണം പദവി സ്വാധീനം, എന്നിവ ഇന്നും മനുഷ്യനു പ്രലോഭനങ്ങളാണ്. ഇതു മൂന്നും തന്നെയാണു കര്‍ത്താവിനു പ്രലോഭനങ്ങളായിട്ട് സാത്താന്‍ അവതരിപ്പിച്ചത്.

ആദ്യം സമ്പത്ത് കാണിച്ചുകൊടുത്തു, അധികാരത്തെക്കുറിച്ചും മറ്റുള്ളവരില്‍ നിന്നു കിട്ടാവുന്ന ആദരവുകളെക്കുറിച്ചും ഓര്‍മ്മപ്പെടുത്തി. ലൗകികമായ മോഹങ്ങള്‍ കര്‍ത്താവിനു കൊടുത്തു. കര്‍ത്താവു തിരുവചനം കൊണ്ടു തന്നെ സാത്താനു മറുപടി കൊടുത്തു. ഈ പ്രലോഭനങ്ങള്‍ എവിടെയൊക്കെ സഭയില്‍ കടന്നു വരുന്നോ അവിടെയൊക്കെ കലാപം സൃഷ്ടിക്കും. അതു ദോഷ ഫലങ്ങള്‍ സൃഷ്ടിക്കും.

അടുത്ത കാലത്ത് അങ്ങനെ ചില ദോഷ ഫലങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടി വന്നു. അതിന്റെ ദൂഷഫലം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. ഇവിടെ നാം മസിലാക്കേണ്ടതു കര്‍ത്താവിന്റെ സമീപനങ്ങളാണ്. കര്‍ത്താവു യൂദാസിനെ ചേര്‍ത്തു പിടിക്കാന്‍ പോയില്ല. കാരണം പശ്ചാത്തപിക്കാത്തവനെ ചേര്‍ത്തു പിടിക്കാന്‍ പാടിലെന്നതാണ്. കാരണം, പശ്ചാത്താപമില്ലാത്തവനെ തെറ്റില്‍ നിന്നു പിന്തിരിപ്പിക്കാന്‍ സാധിക്കില്ലന്നെതും.അതുകൊണ്ടു തന്നെ സഭയില്‍ ഒരു സംശുദ്ധീകരണം ആവശ്യമായി മാറിയിരിക്കുകയാണ്. എവിടെയൊക്കെ തെറ്റുകള്‍ സംഭവിക്കുന്നോ അവിടെയെല്ലാം പശ്ചാത്താപം ഉണ്ടാകേണ്ടതുണ്ട്.
അല്ലാതുള്ളവര്‍ വിശ്വാസികള്‍ അല്ല. തെറ്റുകള്‍ ഓര്‍മ്മപ്പെടുത്തുന്ന കാര്യങ്ങള്‍ അടുത്തിടെ വരുന്നുണ്ടല്ലോ. തെറ്റുകള്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ തെറ്റായി പോയി എന്നു പറയാനുള്ളൊരു വിനയം ക്രൈസ്തവനുണ്ടാകണം. പൊതുക്രൈസ്തവ വിളിയില്‍ നിന്നു വ്യത്യാസപ്പെട്ട വിളി സ്വീകരിച്ചിട്ടുള്ളവര്‍ക്ക് അതിലേറെ ഉത്തരവാദിത്വം ഉണ്ട്.
കാരണം ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ചിലരൊക്കെ ഇരകളാക്കപ്പെടും, ചിലരൊക്കെ ദ്രോഹിക്കപ്പെടും ചിലരൊക്കെ അകാരണമായിട്ടു വേദനകളിലൂടെ കടന്നു പോകും. വേദനകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയിട്ടു മാത്രം പോരാ, വേദനകളുടെ കാരണം എന്താണെന്നു മസനിലാക്കുവാനായിട്ട് സഭാ ഗാത്രത്തിന് ഉത്തരവാദിത്വം ഉണ്ട്. സഭാഗാത്രത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവര്‍ക്കു കടമയുണ്ട്. ഇതു നാം ഒരിക്കലും മറക്കരുത്. കാരണം ഇതാണു സഭയെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ശക്തി.

വിശുദ്ധരായിട്ടുള്ള ആളുകള്‍ വിക്ടിമൈസ്ഡായിട്ടുള്ള ആളുകള്‍ കൂടിയാണ്. സഹനങ്ങള്‍ ഏറ്റെടുത്തപ്പോഴാണു വിശുദ്ധരെ സൃഷ്ടിച്ചിട്ടുള്ളത്. അതുപോലെ സഭയുടെ കൂട്ടായ്മക്കു വേണ്ടി നിലകൊള്ളുമ്പോഴും നമുക്കു സഹനങ്ങളിലൂടെ കടന്നു പോകാന്‍ നമുക്കു സാധിക്കണം. അതാണു കര്‍ത്താവു പഠിപ്പിച്ചിട്ടുള്ള ബാലപാഠം.

 ഈ ബാലപാഠത്തില്‍ നിന്നു നാം എപ്പോഴും സഭയുടെ ദൗത്യം നിര്‍വഹിക്കാന്‍ സന്നദ്ധരായിരിക്കണം. അല്‍മായരായാലും അതുപോലെ തന്നെ സമര്‍പ്പിതരായാലും.വൈദികരായാലും മെത്രാന്‍മാരായാലും എല്ലാവരും കര്‍ത്താവിന്റെ മുന്നില്‍ തുല്യരാണ്. നമ്മുടെ ശുശ്രൂഷകള്‍ക്കും സവിശേഷ വരങ്ങള്‍ക്കു മാത്രമേ വ്യത്യാസമുള്ളൂ. എന്നാല്‍, ശുശ്രൂഷകളും വരങ്ങളും സഭാഗാത്രത്തെ പടുത്തുയര്‍ത്തുന്നതിനു വേണ്ടിയിട്ടുള്ളതാണ്.
അല്ലാതെ സഭയില്‍ ഭിന്നതകള്‍ക്കോ കാലാപങ്ങള്‍ക്കോ നേതൃത്വം കൊടുക്കാന്‍ വേണ്ടി ഉള്ളതല്ല. സഭയുടെ സ്വഭാവത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഒരു ക്രൈസ്തവനും മുന്നോട്ടു വരാന്‍ പടില്ല. സഭ ഒന്നായി പിതാക്കന്‍മാരെയും മേജര്‍ ആര്‍ച്ചു ബിഷപ്പിനെയും സ്വന്തമായി കരുതി അവരുടെ നേതൃത്വത്തെ അംഗീകരിച്ചു സൗഹൃദത്തോടെയും ബഹുമാന ആദരങ്ങളോടുകൂടി സ്വകീരിക്കാന്‍ തയാറാവണമെന്നും കര്‍ദിനാള്‍ പറഞ്ഞു.

മറ്റുള്ള ശിഷ്യന്‍മാര്‍ പതറിപോയ നിഷമിഷങ്ങളിലും ധീരതയോടെ നിന്നവനാണു മാര്‍ തോമാസ്ലീഹാ. ആ ധീരത നമ്മുടെ സഭ കാണിക്കണം. ധീരത കാണിച്ചുകൊണ്ടു സഭയുടെ കൂട്ടായ്മ നില നര്‍ത്താനുള്ള വ്യഗ്രത മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അംസബ്ലിക്കു ശേഷം സഭ മുഴനായി വ്യാപിക്കട്ടേ എന്നു പ്രാര്‍ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *