രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി അന്വേഷിക്കണം: ആനി രാജ
ദില്ലി : ലൈംഗികാരോപണമുയർന്ന സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം നടത്തേണ്ടതെന്ന് സിപിഐ നേതാവ് ആനിരാജ. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്ഥാനം തിരികെ നൽകണം. കള്ളപ്പരാതിയാണെങ്കിൽ നടപടിയെടുക്കാനുള്ള നിയമവും രാജ്യത്ത് ഉണ്ടല്ലോയെന്നും ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
പരാതിയെ പരസ്യമായി ആരോപണ വിധേയൻ തള്ളിയെന്നു പറഞ്ഞ് ഒഴിയാനാണെങ്കിൽ രാജ്യത്ത് നിയമത്തിന്റെ ആവശ്യമില്ലല്ലോയെന്നും മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിന് ആനി രാജ മറുപടി നൽകി. സജി ചെറിയാൻ അത്തരം പ്രതികരണങ്ങൾ നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ബംഗാളി നടിയുടെ ആരോപണം കേരളത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നതാണ്. നടപടി എടുക്കാൻ കടുംപിടുത്തതിന്റെ ആവശ്യമില്ലെന്നും ആനിരാജ പ്രതികരിച്ചു.
വസ്തുതകൾ പരിശോധിക്കണമെന്ന് മന്ത്രി ബിന്ദു
രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലെ വസ്തുതകൾ പരിശോധിക്കണമെന്ന് മന്ത്രി ബിന്ദുവും പ്രതികരിച്ചു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ നിജ സ്ഥിതി മനസിലാക്കണം. അതിന് ശേഷം തുടർ നടപടികൾ എടുക്കും. ചില മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് സർക്കാരിന് മുന്നിലുളളത്. ഉത്തരവാദിത്തപ്പെട്ട സർക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികൾ എടുക്കാൻ സാധിക്കു. ഇതിൽ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയുമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
ആരോപണത്തിലുറച്ച് നടി
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി നടി ശ്രീലേഖ മിത്ര. പാലേരിമാണിക്കം സിനിമയുടെ ഓഡിഷന് വേണ്ടി വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാൽ മടക്കിയയച്ചുവെന്നുമുളള രജ്ഞിത്തിന്റെ വാദം നടി തളളി. കേരളത്തിൽ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തിൽ അഭിനയിക്കാൻ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് ആവർത്തിച്ചു.
ശ്രീലേഖയുടെ വെളിപ്പെടുത്തൽ ഇപ്രകാരം
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതിൽ വളരെ സന്തോഷമുണ്ടായിരുന്നു- ശ്രീലേഖ പറയുന്നു. വൈകിട്ട് അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.