ഓണത്തിനു തലനിറയെ പൂചുടുന്നവരുടെ ശ്രദ്ധയ്ക്ക്, നമ്പിമുല്ലയെ നമ്പരുത്. മുല്ലയുടെ നിറം, ആകൃതി, രൂപം, വരവും തമിഴ്നാട്ടിൽ നിന്ന്. പക്ഷേ, മണം മാത്രമില്ല. ഇതാണ് കുടമുല്ലയെയും തമിഴ്നാട്ടിലെ നമ്പിമുല്ലയെന്ന നമ്പ്യാർവട്ടത്തെയും വ്യത്യസ്തമാക്കുന്നത്. രണ്ടുവർഷത്തിലേറെയായി പൂക്കടകളിൽ മുല്ലയ്ക്കൊപ്പം ഈ അപരനും എത്തുന്നുണ്ട്. കേരളത്തിലെ നന്ത്യാർവട്ടത്തിന്റെ ചെടികളോടു സാമ്യമാണ് ഇവയുടെ ചെടിയും. എന്നാൽ പൂക്കൾക്ക് മുല്ലയോടാണ് സാമ്യം. അധികം വിരിയാത്ത മുല്ലമൊട്ടിന്റെ രൂപം.ചാർത്തുമാലകളിലും കല്യാണമാലകളിലുമാണ് പ്രധാനമായും മുല്ലയ്ക്കുപകരം ഇവ ഉപയോഗിക്കുന്നത്. കറ അധികമായതിനാൽ തലയിൽ ചൂടാനാകില്ല. മുല്ലയുടെ പകുതി വിലയുള്ള ഇവ ഒരു ദിവസം മുഴുവൻ പുറത്തുവച്ചാലും വാടില്ല എന്നതാണ് പ്രത്യേകത. അധികം വിരിയില്ല. വിരിയുന്നതിനുസരിച്ച് വെള്ളനിറം കൂടും. മുല്ലതന്നെ കുടമുല്ല, കുരുക്കുത്തിമുല്ല എന്നുണ്ട്. യഥാർഥ മുല്ല കുരുക്കുത്തിയാണ്. മുല്ലപ്പൂവിന് 12 മണിക്കൂറാണ് പരമാവധി ആയുസ്സ്. 800 രൂപയാണ് ഒരു കിലോ മുല്ലപ്പൂവിന്റെ വില,നമ്പ്യാർവട്ടത്തിന് കിലോ 300 രൂപയും. ഓണക്കാലമായതിനാൽ പ്രതിദിനം വിലയിൽ മാറ്റംവരും. കല്യാണ അലങ്കാരങ്ങൾക്കും ക്ഷേത്രാലങ്കാരങ്ങൾക്കുമാണ് നമ്പിക്ക് ആവശ്യക്കാർ. മണമില്ലെന്നുമാത്രം ആരും തിരിച്ചറിയില്ല. തമിഴ്നാടിനു പുറമേ കർണാടക ആന്ധ്ര എന്നിവിടങ്ങളിലെല്ലാം നമ്പി ധാരാളമുണ്ട്. ജില്ലയിൽ പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണെത്തുന്നത്. മുൻപ് ട്യൂബ് റോസായിരുന്നു മുല്ലയ്ക്കൊപ്പം വിപണി കീഴടക്കിയ വരത്തൻ. കാലഘട്ടത്തിനനുസരിച്ച് പൂക്കളും മാറി. ഇപ്പോൾ ട്യൂബ് റോസിന്റെ വരവ് കുറഞ്ഞതോടെ നമ്പി കൂടി.യഥാർഥ പൂക്കൾ മാത്രമല്ല, നമ്പിയുടെ പ്ലാസ്റ്റിക് മാലയും വിപണിയിൽ സജീവമാണ്. മുല്ലമൊട്ടുപോലെ ചേർന്നു കിടക്കുന്ന ഇവ വിഗ്രഹങ്ങളിൽ ചാർത്താനാണ് ഏറെയും ഉപയോഗിക്കുന്നത്. പല കടക്കാരും തണ്ടിന്റെ നീളം കുറച്ച് മുല്ലയ്ക്കൊപ്പം ഇടകലർത്തി ലാഭം കൊയ്യാറുണ്ട്. ഇത് ഒരടി വാങ്ങി മുടിയിൽ ചൂടിയാൽ പൂ വാടിയില്ലെങ്കിലും കറകൊണ്ട് മുടി വാടാൻ ഇടയുണ്ട്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *