ഡൽഹി: നേപ്പാളിലെ തനാഹുൻ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ ഇന്നലെ മുംബൈയിൽ വാർത്താസമ്മേളനത്തിൽ മരണം സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മരിച്ച ഇന്ത്യൻ വിനോദ സഞ്ചാരികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് മുതിർന്ന കേന്ദ്ര ഉദ്യോഗസ്ഥരുമായും ഇന്നലെ ചര്‍ച്ച നടത്തി.
കേന്ദ്ര സർക്കാരിന്‍റെ പൂർണ സഹകരണം അമിത് ഷാ മുഖ്യമന്ത്രി ഷിൻഡെയ്ക്ക് ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതനുസരിച്ച് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം 24 വിനോദ സഞ്ചാരികളുടെ മൃതദേഹം നാളെ നാസിക്കിലെത്തിക്കുകയും മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്യും.
നേപ്പാളിലെ തനാഹുൻ ജില്ലയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി.
ദുഃഖിതരായ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഇന്ത്യൻ എംബസി നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി ഉറപ്പുനൽകി.
ഇന്ത്യക്കാരുടെ മരണത്തിൽ വിദേശകാര്യ മന്ത്രാലയം ദുഃഖം രേഖപ്പെടുത്തുകയും നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം സാധ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്‌തു.
ഇന്ത്യൻ എംബസി ദുരിത ബാധിത കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.