തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ എം രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ഡോ. ബിജു. അൽപ്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ അക്കാദമി ചെയർമാനെ സർക്കാർ അടിയന്തരമായി പുറത്താക്കണമെന്ന് ഡോ. ബിജു ആവശ്യപ്പെട്ടു. ലൈംഗികാരോപണം നിസാരമായി കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ പറ്റി പരസ്യമായി ലൈംഗിക ആരോപണം ഉയർന്നുവന്നത് നിസാരമായി കണക്കാക്കാൻ സാധിക്കില്ല . സാംസ്കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം, അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തിൽ ഒരു നിമിഷം പോലും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് അർഹനല്ലെന്നും ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചു.
ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ നിരവധി ആരോപണങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി നിലവിലുണ്ടെന്നും ചലച്ചിത്ര അവാർഡിൽ ചിലർക്ക് അവാർഡ് കൊടുക്കാനും ചില സിനിമകൾക്ക് അവാർഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയർമാൻ നേരിട്ട് ജൂറിഅംഗങ്ങളെ സ്വാധീനിച്ചുവെന്ന പരാതി ഉണ്ടായിരുന്നുവെന്നും സംവിധായകൻ വിനയനും രണ്ടു ജൂറി അംഗങ്ങളും ഇത് തുറന്നു പറഞ്ഞിരുന്നുവെന്നും ബിജു ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.