ഇംഗ്ലണ്ട്: ഇംഗ്ലണ്ടിനെയും വെയ്ൽസിനെയും ഉലച്ചു കൊണ്ടു ‘ലിലിയൻ’ കൊടുങ്കാറ്റ് ആഞ്ഞുവീശി. മണിക്കൂറിൽ 80 മൈൽ വരെയായിരുന്നു കൊടുങ്കാറ്റിന്റെ പ്രഹര ശേഷി.
ശക്തമായ കാറ്റ് വ്യോമഗതാഗതം തടസ്സപ്പെടുത്തി. ഇംഗ്ലണ്ടിലേയും വെയ്ൽസിലെയും പല ഭാഗങ്ങളിൽ വലിയ തോതിലുള്ള വൈദ്യുതി തടസ്സം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.
മെറ്റ് ഓഫീസ് രാജ്യത്തുടനീളം ‘യെല്ലോ അലർട്’ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥയും വ്യാപക വൈദ്യുതി തടസ്സവും ലീഡ്സ് ഫെസ്റ്റിവലിനെ വിപരീതമായി ബാധിച്ചതായും ഫെസ്റ്റിവലിന്റെ രണ്ട് സ്റ്റേജുകൾ അടച്ചുപൂട്ടുകയും ചെയ്തതായി സംഘാടകർ അറിയിച്ചു.
മണിക്കൂറിൽ 80 മൈൽ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് തീരപ്രദേശങ്ങൾക്ക് സമീപം യാത്രാ തടസ്സം, വെള്ളപ്പൊക്കം, പവർ കട്ട്, ഇടിമിന്നൽ തുടങ്ങിയ അപകടകരമായ അവസ്ഥയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിനോദസഞ്ചാരികൾ അവരുടെ ടെൻ്റുകൾ സുരക്ഷിതമാക്കി കാറിനുള്ളിൽ തന്നെ തുടരുന്നതിനുള്ള നിർദ്ദേശങ്ങളും അധികൃതർ നൽകി.
ലിലിയൻ കൊടുങ്കാറ്റ് ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചുകൊണ്ടിരിക്കുന്നതിനാൽ ആയിരക്കണക്കിന് വീടുകൾ ഇരുട്ടിലാണ്. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവച്ചതായി ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചു.