ബിസിസിഐ സെക്രട്ടറിയായി ജയ് ഷാക്ക് പകരം ആരെത്തും; സാധ്യതയില്‍ ഇവര്‍ മുന്നില്‍

മുംബൈ: ഐസിസി അധ്യക്ഷപദം ഏറ്റെടുക്കാനൊരുങ്ങുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാക്ക് പകരം ആരാകും ബിസിസിഐ സെക്രട്ടറിയാകുക എന്ന ചര്‍ച്ചകള്‍ സജീവം. ജയ് ഷായുടെ വിശ്വസ്തനാകും അടുത്ത ബിസിസിഐ സെക്രട്ടറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസി ചെയര്‍മാന്‍ സ്ഥാനം ജയ് ഷാ ഏറ്റെടുക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 16 അംഗ രാജ്യങ്ങളില്‍ 15 രാജ്യങ്ങളുടെയും പിന്തുണ ജയ് ഷാക്കുണ്ട്.

ഈ മാസം 27നാണ് നാമനിര്‍ദേശം നല്‍കേണ്ട അവസാന തീയതി. ഡിസംബര്‍ ഒന്നിനാണ് പുതിയ ഐസിസി ചെയര്‍മാന്‍ ചുമതലയേല്‍ക്കേണ്ടത്.  2025ല്‍ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തെ കൂളിംഗ് ഓഫ് പീരിയഡ് കഴിഞ്ഞെ ജയ് ഷാക്ക് ബിസിസിഐ ഭാരവാഹിത്വം വീണ്ടും ഏറ്റെടുക്കാനാവു. ഐസിസി ചെയ‍ർമാനായാല്‍ കൂളിംഗ് ഓഫ് പീരിയഡിലും ജയ് ഷാക്ക് ഇളവ് നേടാനാവും.

ഗംഭീർ യുഗത്തിൽ എല്ലാവരും ഓള്‍ റൗണ്ടർമാരാകും; റിഷഭ് പന്തിന്‍റെ പാത പിന്തുടര്‍ന്ന് പന്തെറിഞ്ഞ് ഇഷാന്‍ കിഷനും

ജയ് ഷാ ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന പേരുകളിലൊന്ന് നിലവിലെ വൈസ് പ്രസിഡന്‍റായ രാജീവ് ശുക്ലക്കാണ്. അടുത്തവര്‍ഷം ഒക്ടോബര്‍ വരെയാകും രാജീവ് ശുക്ലക്ക് സെക്രട്ടറി സ്ഥാനത്ത് തുടരാനാകുക.

രാജീവ് ശുക്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന പേരുകളിലൊന്ന് ബിസിസിഐ ട്രഷററും ബിജെപിയുടെ മഹാരാഷ്ട്രയിലെ കരുത്തനായ നേതാവുമായ ആശിഷ് ഷെലാറിന്‍റെ പേരാണ്. മുംബൈ ക്രിക്കറ്റ് അസോസിയേഷനിലും കരുത്തനാണ് ഷെലാര്‍. അരുണ്‍ ധുമാലാണ് ജയ് ഷാക്ക് പകരക്കാരനാവാന്‍ സാധ്യതയുള്ള മറ്റൊരു പേര്. നിലവിലെ ഐപിഎല്‍ ചെയര്‍മാന്‍ കൂടിയായ അരുണ്‍ ധുമാലിനെ ബിസിസിഐ സെക്രട്ടറിയാക്കിയാല്‍ രാജീവ് ശുക്ലയെ ഐപിഎല്‍ ചെയര്‍മാനാക്കാനും സാധ്യതയുണ്ട്.

‘അവനെ ക്യാപ്റ്റനാക്കരുത്, കോഹിനൂര്‍ രത്നത്തെ പോലെ സംരക്ഷിക്കണം’; തുറന്നു പറഞ്ഞ് ദിനേശ് കാര്‍ത്തിക്

നിലവിലെ ബിസിസിഐ ഭരണത്തില്‍ നിര്‍ണായക സ്വാധീനമുള്ള ദേവ്ജിത് ലോണ്‍ സൈക്കിയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ ബിജെപി നേതാവായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ മകന്‍ രോഹന്‍ ജയ്റ്റ്‌ലിക്കോ മുന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അവിഷേക് ഡാല്‍മിയക്കോ അവസരം ലഭിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin