നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ, രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്, കോലം കത്തിച്ചു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആർ.വൈ.എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. രഞ്ജിത്തിന്റെ കോലം കത്തിച്ചു.
നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിയമനടപടി വേണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം. രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ആരോപണ വിധേയർ പിണറായി സർക്കാറിന്റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. മന്ത്രിയും എം എൽ എയും ചലച്ചിത്രക്കാദമി ചെയർമാനുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിയതെന്നും റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയതിലുടക്കം ഇവർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
നടിയുടെ ആരോപണത്തിൽ രഞ്ജിത്തിനെതിരെ അന്വേഷണം വേണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം: സുധാകരൻ
രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നുവെന്ന് സംവിധായകൻ ആഷിക് അബു പ്രതികരിച്ചു. ബംഗാളിൽ നിന്നും വന്നൊരു സ്ത്രീ കേരളത്തിൽ ഭയചികിതയായി ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തിയത്. നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ നിയമപരമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു.