കോട്ടയം: ഭരണ കക്ഷി എം.എല്‍.എമാരും പോലീസും തമ്മിലുള്ള തര്‍ക്കം പതിവാകുന്നു. തെരവിലും പൊതു വേദിയിലുമെല്ലാം എം.എല്‍.എമാരും പോലീസും തമ്മിലുള്ള പോരാണ് കാണുന്നത്.
വൈക്കത്ത് എസ്.എച്ച്.ഒയെ തെറിപ്പിക്കുന്നുമെന്നു വെല്ലുവിളിച്ച സി.കെ. ആശയും, വൈകി എത്തിയതിന് ജില്ലാ പോലീസ് മേധാവിയെ പരസ്യമായി ശകാരിക്കുകയും പിന്നീട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിലമ്പൂരിന്റെ മാപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച പി.വി. അന്‍വറും എസ്.എച്ച്.ഒ പേരു ചോദിച്ചു അപമാനിച്ചുവെന്നു ആരോപിച്ച എം. വിജിനുമാണ് പോലീസുമായി കലഹിച്ചവര്‍.
എം. വിജിനും എസ്.ഐയും തമ്മില്‍ ഉടക്കിയത് ജനുവരിയിലായിരുന്നെങ്കിലില്‍ സി.കെ. ആശയും പി.വി. അന്‍വറും ഉടക്കിയത് കഴിഞ്ഞ ദിവസങ്ങളിലാണ്.
സ്വന്തം സര്‍ക്കാരിന്റെ കീഴിലുള്ള മുഖ്യമന്ത്രി ഭരിക്കുന്ന പോലീസിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് എം.എല്‍.എമാര്‍ രംഗത്തുവരുന്നത്. കേരളത്തില്‍ പൊതുവേ ശാന്തമായിയാണ് കാര്യങ്ങള്‍ പോകുന്നത്. പക്ഷേ പോലീസ് വകുപ്പില്‍ വ്യക്തിഗതമായി എടുത്താല്‍ ചില ദൂഷ്യസ്വഭാവം ഉള്ളവര്‍ ഉണ്ടാകും.
അങ്ങനെ ഉള്ള ചിലര്‍ പോലീസിലുണ്ട്. അവരെ നിരീക്ഷിച്ചു കറക്ട് ചെയ്തു പോകാനാണ് പോലീസ് ശ്രമിക്കേണ്ടതെന്നായിരുന്നു എം. വിജിന്‍ എം.എല്‍.എയും പോലീസ് ഉദ്യോഗസ്ഥനും തമ്മില്‍ ഉടക്കിയ വിഷയത്തില്‍ ഇ.പി. ജയരാജന്‍ പ്രതികരിച്ചത്. 

കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ വെച്ചായിരുന്നു എം.എല്‍.എയും കണ്ണൂര്‍ ടൗണ്‍ എസ്.ഐ. ഷലിമുമായി വാക്കേറ്റം ഉണ്ടാകുന്നത്. കലക്ടറേറ്റിലേക്കുള്ള നഴ്‌സുമാരുടെ മാര്‍ച്ചിനിടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നു മോശം സമീപനമാണ് ഉണ്ടായതെന്നും തനിക്കെതിരെ മോശമായി സംസാരിച്ചുവെന്നമായിരുന്നു വിജിന്‍ ആരോപിച്ചത്. ഇതിനിടെ കേസ് എടുക്കാനായി എം.എല്‍.എയുടെ പേരു ചോദിച്ചതും വിവാദമായിരുന്നു. പിന്നാലെ പാര്‍ട്ടിയും പോലീസ് ഉദ്യോഗസ്ഥനു നേരെ നടപടി ആവശ്യപ്പെട്ടു രംഗത്തു വന്നു.

പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയില്‍വച്ചു മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരനെ അപമാനിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ രംഗത്തുവന്നത് ഏറെ വിവാദമായിരുന്നു. എസ്.പി പരിപാടിക്ക് എത്താന്‍ വൈകിയതുകൊണ്ട് തനിക്ക് കാത്തിരിക്കേണ്ടി വന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം.

എസ്.പി പരിപാടിക്ക് എത്താന്‍ വൈകിതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. 27 മിനിറ്റാണ് എസ്പിക്ക് വേണ്ടി താന്‍ കാത്തിരുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ഐ.പി.എസ് ഓഫീസറുടെ പെരുമാറ്റം പോലീസ് സേനയക്ക് തന്നെ നാണക്കേടാണെന്ന് പറഞ്ഞാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്.

തന്റെ പാര്‍ക്കിലെ 2000 കിലോ ഭാരമുള്ള വെള്ളിച്ചങ്ങല മോഷണം പോയിട്ട് കണ്ടു പിടിച്ച് തന്നില്ല. അതിന് വേണ്ടി ഒരു ഫോണ്‍ കോള്‍ പോലും തന്നെ വിളിച്ചിട്ടില്ല. മലപ്പുറം എസ്.പി ഇവിടെ ഇരിക്കുന്നുണ്ടല്ലോ. ഏത് പൊട്ടനും കണ്ടെത്താവുന്നതല്ലേയുള്ളു. തെളിവ് സഹിതം നിയമസഭയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും പിവി അന്‍വര്‍ എം.എല്‍ എ പറഞ്ഞു.
എം.എല്‍.എയുടെ രൂക്ഷ വിമര്‍ശനത്ത തുടർന്ന് പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്.പി  എസ് . ശശിധരന്‍ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു. പിന്നാലെ  പി.വി അന്‍വര്‍ എം.എല്‍.എ മാപ്പ് പറയണമെന്ന് ആവശ്യവുമായി  ഐ.പി.എസ് അസോസിയേഷന്റെ കേരള ചാപ്റ്റര്‍ രംഗത്തുവന്നു.
അന്‍വറിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല, അത്യന്തം അപകടകരമാണെന്നുമാണ് ഐ.പി.എസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, വിമര്‍ശനങ്ങളോട് മാപ്പുകള്‍ പങ്കുവെച്ചായിരുന്നു പി.വി അന്‍വറിന്റെ മറുപടി.
ഫേസ്ബുക്കിലൂടെ കേരളത്തിന്റേയും മലപ്പുറത്തിന്റേയും നിലമ്പൂരിന്റേയും മാപ്പുകളാണ് അൻവർ പങ്കുവെച്ചത്. ”കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം ജില്ലയുടെ മാപ്പുണ്ട്. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്..??” എന്നും അന്‍വര്‍  ചിത്രങ്ങളോടൊപ്പം കുറിക്കുകയും ചെയ്തു.

പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ പരസ്യമായി ആധിക്ഷേപിച്ചുവെന്ന് ആരോപിച്ചു സി.കെ. ആശ എം.എല്‍.എയും കഴിഞ്ഞ ദിവസം രംഗത്തു വന്നു. വൈക്കം എസ്.എച്ച്.ഒയെ സ്റ്റേഷനില്‍ നിന്ന് തെറിപ്പിക്കുമെന്നായിരുന്നു എം.എല്‍.എയുടെ പ്രസംഗം.

നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്കൊപ്പം നിന്നതിന് പോലീസ് തന്നെ അപമാനിച്ചു. എം.എല്‍.എയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്.എച്ച്.ഒ നടത്തിയതെന്നും ഗവര്‍ണര്‍ക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും സി.കെ ആശ പറയുന്നു.
സി.പി.ഐ നേതാക്കളോടും തന്നോടും പോലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *