ഡ്യൂറന്‍ഡ് കപ്പ്: ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ച് തകര്‍ത്ത് പേരേര ഡയസ്; ബെംഗലൂരു എഫ്‌സി സെമിയില്‍
കൊല്‍ക്കത്ത: ഇഞ്ചുറി ടൈമില്‍ ബ്ലാസേറ്റേഴ്സിന്‍റെ നെഞ്ചു തകര്‍ത്ത് ഹോര്‍ഹെ പേരേര ഡയസിന്‍റെ ഗോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ബെംഗലൂരു എഫ് സി ഡ്യൂറന്‍ഡ് കപ്പ് സെമിയിലെത്തി. രണ്ടാം പകുതിയുടെ അധിക സമയത്ത് 95-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ താരം കൂടിയായ ഡയസിന്‍റെ വിജയ ഗോള്‍ വന്നത്. 27ന് നടക്കുന്ന സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സിനെ ബെംഗലൂരു നേരിടും.
പഞ്ചാബ് എഫ് സിയെ സഡന്‍ ഡെത്തില്‍ വീഴ്ത്തിയാണ് മോഹന്‍ ബഗാന്‍ സെമിയിലെത്തിയത്. നിശ്ചിത സമയത്ത് 3-3 സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലും സമനില(5-5) പാലിച്ചതിനെതുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. ബെംഗലൂരുവിനെതിരായ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഗോള്‍ കീപ്പര്‍ സോം കുമാര്‍ പരിക്കേറ്റ് മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ഡയസിന്‍റെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെയായിരുന്നു സോം കുമാറിന് പരിക്കേറ്റത്. പകരം സച്ചിന്‍ സുരേഷാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍വല കാത്തത്.
ബിസിസിഐ സെക്രട്ടറിയായി ജയ് ഷാക്ക് പകരം ആരെത്തും; സാധ്യതയില്‍ ഇവര്‍ മുന്നില്‍
ആദ്യ പകുതിയില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ ഇരു ടീമുകളും പലവട്ടം ഗോളിന് അടുത്തെത്തിയെങ്കിലും സമനില പൂട്ട് പൊളിക്കാനായില്ല. ബെംഗലൂരുവിനായിരുന്നു പന്തടക്കത്തില്‍ മുന്‍തൂക്കം. എന്നാല്‍ ലക്ഷ്യത്തിലേക്ക് ഒരു തവണ മാത്രമാണ് ബെംഗലൂരുവിന് പന്ത് അടിക്കാനായത്.26-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിന് അടുത്തെത്തിയെങ്കിലും നോഹ വാലി സഡൗയിയുടെ ഷോട്ട് ബെംഗലൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു രക്ഷപ്പെടുത്തി.
𝐏𝐥𝐚𝐲𝐞𝐫 𝐨𝐟 𝐭𝐡𝐞 𝐌𝐚𝐭𝐜𝐡: Pereyra Diaz#QuarterFinal4 #BFCKBFC #IndianOilDurandCup #PoweredByCoalIndia #DurandCup2024 #133rdEditionofDurandCup #ManyChampionsOneLegacy #IndianFootball pic.twitter.com/HJHrOvSbqj
— Durand Cup (@thedurandcup) August 23, 2024
രണ്ടാം പകുതിയിലും ബെംഗലൂരുവിന് തന്നെയായിരുന്നു പാസിംഗിലും പന്തടക്കത്തിലും മുന്‍തൂക്കം. 56ാം മിനിറ്റില്‍ ഷിവാല്‍ഡോയുടെ ക്രോസില്‍ ഡയസ് ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. 67ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഇറങ്ങിയത് ബ്ലാസ്റ്റേഴ്സിന്‍റെ സമ്മര്‍ദ്ദം കൂട്ടി. എന്നാല്‍ ലക്ഷ്യം കാണാന്‍ ഇരു ടീമിനുമായില്ല. ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡുകളില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ലഭിച്ച ഫ്രീ കിക്ക് ഛേത്രിക്ക് ഗോളാക്കാനായില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് കോര്‍ണര്‍ വഴങ്ങി. ലാൽറെംത്ലുഅംഗ ഫനായിയെടുത്ത കോര്‍ണറില്‍ നിന്ന് ഡയസിന്‍റെ ഹെഡര്‍ ബ്ലാസ്റ്റേഴ്സ് വലയിലെത്തി.