തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് പണം ഇല്ലാതെ നട്ടം തിരിയുന്ന സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥരുടെ ലോക ടൂറിന് ലക്ഷങ്ങൾ ചിലവിടുന്ന തിരക്കിലാണ്. വയനാട്ടിലെ ഉരുൾ പൊട്ടലും വിവിധ ജില്ലകളിലെ മഴക്കെടുതികളും ഉണ്ടാക്കിയ ഞെട്ടൽ കേരളത്തിന് ഇതുവരെ മാറിയിട്ടില്ല.
അതിനു ഇടയിലാണ് ടൂറിസത്തിൻ്റെ പേര് പറഞ്ഞ് വൻ ചിലവ്. ലോക സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കാന്‍ എന്ന കാരണം പറഞ്ഞാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് ലോകം ചുറ്റാനുള്ള സർക്കാരിൻ്റെ അനുമതി. 
വയനാടിന് സര്ക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് എങ്ങും എത്തിയിട്ടില്ല. ടൗൺഷിപ്പ് സ്ഥാപിക്കാൻ സ്ഥലം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. കേന്ദ്ര സഹായത്തിനു അപേക്ഷ നൽകി കാത്തിരിക്കുകയാണ്. 2000 കോടി കേന്ദ്ര സഹായം ആണ് ആവശ്യപ്പെടുന്നത്.

 മറ്റു ചെലവുകൾ പരമാവധി കുറയ്ക്കേണ്ട സമയത്ത് ആണ് ടൂറിസം പേര് പറഞ്ഞുള്ള ലോകം ചുറ്റൽ. വിവിധ പ്രകൃതി ദുരന്തങ്ങള്‍ കേരള ടൂറിസം വ്യവസായത്തെ പ്രതിസന്ധിയിലാക്കിയെന്നും ഇത് തരണം ചെയ്യാൻ വിദേശ ട്രാവല്‍ ആൻ്റ് ടൂറിസം മേളകളിൽ ഉദ്യോഗസ്ഥ സാന്നിദ്ധ്യം അനിവാര്യമെന്നും പറഞ്ഞാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ലോക ടൂറിന് സർക്കാർ പച്ചക്കൊടി കാട്ടുന്നത്.

 ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ വിവിധ രാജ്യങ്ങളിലേക്ക് ടൂറിന് അയക്കുകയാണ് സർക്കാർ. ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, അഡീഷണൽ ഡയറക്ടർ വിഷ്ണു രാജ് തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരാണ് വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര വ്യാപാര മേളകളിലും മീറ്റിംഗുകളിലും പങ്കെടുക്കാൻ തായ്‌ലന്‍ഡ്‌, മലേഷ്യ, സിങ്കപ്പുർ, ആസ്ട്രേലിയ, യു.കെ, ജർമനി, തുടങ്ങിയ രാജ്യങ്ങളിൽ പോവുന്നത്. ടൂറിസം മന്ത്രിയുടെ യാത്രയെക്കുറിച്ച് ഇപ്പോൾ വ്യക്തമല്ല.
ടൂറിസം സെക്രട്ടറി ബിജു കെ ഒക്ടോബർ 29നും 31നും ആസ്‌ട്രേലിയയിലെ സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുക. ഇതിനായി അദ്ദേഹം ഒക്ടോബർ 27ന് പുറപ്പെട്ട് നവംബർ രണ്ടിന് തിരികെയെത്തും.
ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തായ്‌ലന്‍ഡ്‌, യു.കെ, ജർമനി എന്നീ രാജ്യങ്ങളിലെത്തും. നവംബർ അഞ്ച് മുതൽ ഏഴുവരെ ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റിലെ പരിപാടിയിലും, നവംബർ 12 മുതൽ 14 വരെ ജർമനിയിലെ ഫ്രങ്ക്ഫർട്ട്, മ്യൂണിച്ച് എന്നിവിടങ്ങളിലെ പരിപാടികളിലും ടൂറിസം ഡയറക്ടർ പങ്കെടുക്കും. അഡീഷണൽ ഡയറക്ടർ വിഷ്ണുരാജ് മലേഷ്യയിലെ ട്രേഡ് ഫെയറുകളിലാണ് പങ്കെടുക്കുക. 
അന്താരാഷ്ട്ര മേളകളിൽ കേരളത്തിൻ്റെ സാന്നിധ്യം അനിവാര്യമാണ് എന്നാണ് സർക്കാരിൻ്റെ വിശദീകരണം. എന്നാൽ ഈ ദുരന്ത കാലത്ത് ഇത്തരം ലോകടൂറുകൾ ഒഴിവാക്കി കൂടെ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. വരും ദിവസങ്ങളിൽ വൻ വിവാദമാക്കി ഇത് മാറ്റാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *