ഹൈദരാബാദ്: ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം. ചന്ദ്രയാൻ-3 സുരക്ഷിതമായി ഇറങ്ങിയതിന്‍റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 23ന് രാജ്യം ദേശീയ ബഹിരാകാശ ദിനം ആചരിക്കുകയാണ്.
രാജ്യത്തിന്‍റെ സുപ്രധാന നേട്ടത്തെ ആദരിക്കുന്നതിനായി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പൂർണ്ണമായും ഇന്ത്യ തദ്ദേശീയമായി നേടിയ അറിവും സാങ്കേതികവിദ്യയും വച്ച് വികസിപ്പിച്ചെടുത്ത പേടകം രാജ്യത്തിന് വലിയ നേട്ടം തന്നെയായിരുന്നു. ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ഇന്ന് രാജ്യത്തുടനീളം ആചരിക്കും.
രാജ്യത്തിന്‍റെ ബഹിരാകാശ ദൗത്യങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും യുവാക്കളെ പ്രചോദിപ്പിക്കുന്നതിനുമായാണ് സർക്കാർ ഒരു മാസത്തെ പരിപാടികളോടെ ദേശീയ ബഹിരാകാശ ദിനം കൊണ്ടാടാൻ തീരുമാനിച്ചത്.
സമൂഹത്തിൽ സാങ്കേതികവിദ്യയുടെയും ബഹിരാകാശ പര്യവേക്ഷണത്തിന്‍റെയും പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ഈ വർഷത്തെ ദേശീയ ബഹിരാകാശ ദിനാചരണം.