കുവൈത്ത് സിറ്റി: കുവൈറ്റിൽ ടൂറിസം മേഖല വിപുലപ്പെടുത്തുന്നതിനായി പുതിയ വിനോദ നഗര പദ്ധതി യാഥാർഥ്യമാക്കാനുള്ള നീക്കവുമായി സർക്കാർ. 200 ദശലക്ഷം ദീനാർ ആണ് പദ്ധതി ചെലവ്.
രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ 4000 തൊഴിലവസരങ്ങൾ ലഭ്യമാകുമെന്ന് ടൂറിസം എന്റർ പ്രൈസസ് കമ്പനി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ആറു മാസത്തിനുള്ളിൽ പദ്ധതിയുടെ സമഗ്രവും സംയോചിതവുമായ രൂപരേഖ അവതരിപ്പിക്കുമെന്ന് ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മുനിസിപ്പൽ കൗൺസിലിന് ഉറപ്പ് നൽകിയതായി ബന്ധപ്പെട്ട വ്യത്തങ്ങൾ പറഞ്ഞു. ഇതിൽ മൂലധന ചെലവുകൾക്കായി 120 ദശലക്ഷം ദീനാറും അടിസ്ഥാന സൗകര്യങ്ങൾക്കായി 80 ദശലക്ഷം ദീനാറുമാണ് കണക്കാക്കിയത്.
2030 ആവുന്നതോടെ ഈ പദ്ധതി 900000 സന്ദർശകരെ ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ. ഒരു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ ദോഹ പ്രദേശത്താണ് നിർദിഷ്ട വിനോദ നഗരം യാഥാർഥ്യമാവുക.