തിരുവനന്തപുരം: മലയാള സിനിമയെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന ജസ്റ്റീസ് ഹേമ കമ്മിറ്റി റിപോർട്ടിൽ പ്രതിപാദിക്കുന്ന സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾക്ക് പിന്നിലാരെന്ന ചർച്ച സജീവമാകുന്നു. തലേന്ന് രാത്രി മോശം പെരുമാറ്റം ഉണ്ടായ നടനും ഒന്നിച്ച് പിറ്റേന്ന് ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കേണ്ടി വന്നപ്പോൾ 17 റീടേക്കുകൾ വേണ്ടിവന്നുവെന്ന വെളിപ്പെടുത്തലിൽ ഉൾപ്പെട്ടിട്ടുളളത് ആരാണെന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ചർച്ച കൊഴുക്കുന്നത്.
തിരുവനന്തപുരം ലോബിയിലെ പ്രധാനി
സമാനമായ പല സംഭവങ്ങളും മലയാള സിനിമയിൽ നടന്നിട്ടുളളതിനാൽ ഒട്ടേറെ നടന്മാരിൽ ഈ സംഭവം ആരോപിക്കുന്നുണ്ട്. എന്നാൽ ഏറ്റവും പ്രബലമായ സംശയം തിരുവനന്തപുരം സ്വദേശിയായ നിർമ്മാതാവ് കൂടിയായ നടനെപ്പറ്റിയാണ് ഉയരുന്നത്.
തലസ്ഥാനവാസി തന്നെയായ നടിയാണ് ഈ നടൻെറ മോശംപെരുമാറ്റത്തിന് ഇരയായതെന്നും പ്രചരിക്കുന്നുണ്ട്. നടന്‍ ഇത്തരം വിഷയങ്ങളില്‍ ഏറ്റവും മോശമായ സ്വഭാവ വൈചിത്ര്യങ്ങള്‍ ഉള്ള രണ്ടാംനിര താരവുമാണ്.
സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുവേണ്ടി രംഗത്തിറങ്ങുന്ന ടെലിവിഷനിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന ഈ നടി, ന്യൂജെൻ സിനിമകളിലെ അമ്മവേഷക്കാരി കൂടിയാണ്. സിനിമാ രംഗത്തെ മോശം പ്രവണതകൾക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നത് കൊണ്ടുതന്നെ ഈ നടിക്ക് അടുത്തകാലത്തായി അവസരങ്ങൾ കുറവാണ്. ഒരു സിനിമാ സെറ്റിൽ സ്ത്രീകൾക്ക് ടോയ് ലറ്റ് സൗകര്യം ഇല്ലാതെ വന്നപ്പോൾ കാരവൻ വാടകയ്ക്ക് എടുപ്പിച്ചതിൻെറ പേരിലാണ് ഈ നടിയ്ക്ക് അവസരങ്ങൾ കുറഞ്ഞതെന്നും പറയുന്നുണ്ട്.
നനഞ്ഞ പടക്കമാകുമോ ?
ഹേമ കമ്മിറ്റി റിപോർട്ടിൽ പരാമർശിക്കുന്ന മറ്റ് സംഭവങ്ങളിൽ ഉൾപ്പെട്ടവരാരാണെന്നതിനെ ചൊല്ലി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. സിനിമാ രംഗത്ത് വർഷങ്ങളായി നടന്നുവരുന്ന സംഭവങ്ങൾ സർക്കാരിൻെറ ഇടപെടലിലൂടെ രേഖയായി പുറത്തു വന്നു എന്നതിനപ്പുറം ഹേമാകമ്മിറ്റി റിപോർട്ട് മലയാള ചലച്ചിത്രമേഖലയിൽ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല.
സിനിമാമേഖലയിൽ ഇതൊക്കെയാണ് നടക്കുന്നതെന്ന വിവരം ആധികാരിക രേഖയായി പുറത്തുവന്നതും അത് പൊതുസമൂഹത്തിൽ ചർച്ചയായതുമാണ് റിപോർട്ട് കൊണ്ടുണ്ടായ പ്രയോജനം. ദുഷ്പ്രവണതകൾ പുറത്തുവന്നത് പ്രമുഖ നടീനടന്മാർക്കും സംവിധായകർക്കും സാങ്കേതിക വിദഗ്ധർക്കും വലിയ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്.
പേര് പരാമർശിച്ചുകൊണ്ടുളള റിപോർട്ടിൻെറ ഭാഗങ്ങളാണ് പുറത്തുവന്നിരുന്നത് എങ്കിൽ തലപൊക്കാനാകാത്ത സ്ഥിതിയാകും ഉണ്ടാവുമായിരുന്നതെന്നാണ് സിനിമരംഗത്തുളളവർ പറയുന്നത്. മലയാള സിനിമയിലെ ദുഷ്പ്രവണതകൾ പുറത്തുകൊണ്ടുവന്ന് ചർച്ചയാക്കിയതിന് ഒപ്പം മറ്റൊരു ഗുണം കൂടി ഹേമാ കമ്മിറ്റി റിപോർട്ട് ചലച്ചിത്ര രംഗത്തിന് ചെയ്തിട്ടുണ്ട്.
തനിനിറം കാട്ടി ‘ലേഡി സൂപ്പര്‍ സ്റ്റാറും’
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് എന്ന ഡബ്ല്യു. സി.സിയുടെ സ്ഥാപക അംഗത്തിന് സ്വാർത്ഥ താൽപര്യമാണെന്നും നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം രൂപീകൃതമായ ഡബ്ള്യു.സി.സിയുടെ തുടക്കത്തിൽ സജീവമായി ഇടപെട്ട പ്രമുഖ നടി പിന്നീട് സംഘടനയുമായി കാര്യമായി സഹകരിച്ചില്ലെന്നും ഹേമാ കമ്മിറ്റി റിപോർട്ടിലുണ്ട്.
ഇതിൻെറ പ്രയോജനമെന്നോണം നടിക്ക് തുടർച്ചയായി അവസരങ്ങൾ കിട്ടിയെന്നും റിപോർട്ടറിലുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാര്‍ക്കറ്റ് ചെയ്യപ്പെട്ട പ്രമുഖ നടിയെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശം എന്ന് ഏറെക്കുറെ വ്യക്തമാണ്. ഡബ്ള്യു.സി.സിയുടെ ആവശ്യം പരിഗണിച്ച് സർക്കാർ രൂപീകരിച്ച ഹേമാ കമ്മിറ്റിയുമായും ഇവര്‍ കാര്യമായി സഹകരിച്ചിരുന്നില്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന്‍റെ കാര്യത്തില്‍ ഇവര്‍ക്കുണ്ടായിരുന്ന വ്യക്തിപരമായ എതിര്‍പ്പ് മുതലാക്കുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു.
പൊളിഞ്ഞത് പി ആര്‍ ഇമേജ്
ഡബ്ള്യു.സി.സിയുടെ സ്ഥാപകാംഗമായ ഈ നടിയുടെ സ്വാർത്ഥത നിറഞ്ഞ ഇരട്ടത്താപ്പ് സമീപനം പുറത്തുവന്നതാണ് ഹേമ കമ്മിറ്റി റിപോർട്ട് കൊണ്ടുണ്ടായ മറ്റൊരു ഗുണം.
പി ആര്‍ വര്‍ക്കുകളിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ടതാരമായി വിലസുന്ന അതേസമയംതന്നെ സ്വന്തം കുട്ടിപോലും അംഗീകരിക്കാത്ത നടിയുടെ അവസരവാദ സമീപനം വെളിവാക്കപ്പെട്ടതിന് ഒപ്പം മറ്റ് ചില നടിമാരുടെ പ്രതിബദ്ധത കൂടി ചോദ്യം ചെയ്യുപ്പെടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. അടുത്തിടെ ശ്രദ്ധേയമായ ചിത്രത്തിലൂടെ സജീവമായ തമിഴിലും അവസരം ലഭിച്ചുതുടങ്ങിയ പ്രമുഖ നടിയാണ് ഇതിലൊരാൾ.
അവസരം കിട്ടിത്തുടങ്ങിയപ്പോള്‍ എന്ത് ആദര്‍ശം
ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നശേഷം ഇതുവരെ ഇവര്‍ കാര്യമായ ഒരു പ്രതികരണവും നടത്തിയിട്ടില്ല. സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് പുലിവാല് പിടിക്കേണ്ട എന്നതാണ് ഇവരുടെ നയമത്രെ. മുന്‍പ് സിനിമയില്ലാതെ വെറുതെ ഇരുന്നപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ ഉള്ള ഒരുപായം ആയിരുന്നു അവര്‍ക്കും ഡബ്ള്യു.സി.സി.
ഇവരുടെ കൂടി സാന്നിധ്യം ഉണ്ടായിരുന്ന ഡബ്ള്യു.സി.സി പ്രതിനിധി സംഘത്തിൻെറ നിവേദനത്തെ തുടർന്ന് രൂപീകരിച്ച കമ്മിറ്റിയുടെ റിപോർട്ടിനോടാണ് ഈ സമീപനം എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.