കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ജീവനക്കാരൻ. മാഫിയയിൽ കുറഞ്ഞ വിശേഷണമൊന്നും ഘോഷിന് നൽകാനില്ലെന്നു മുൻ സഹപ്രവർത്തകനായിരുന്ന അക്തർ അലി പറയുന്നു.
അദ്ദേഹത്തിനെതിരെ പരാതി നൽകിയതിന് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ബയോമെഡിക്കൽ മാലിന്യ അഴിമതിയിൽ ഘോഷ് പങ്കാളിയാണ്.
പരീക്ഷയിൽ തോൽപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളിൽ നിന്നും ഘോഷ് പണം കൈപ്പറ്റുമായിരുന്നു. കോൺട്രാക്ടർമാരിൽ നിന്നും കമ്മീഷൻ വാങ്ങുന്നതും പതിവായിരുന്നുവെന്നും അലി പറഞ്ഞു.
‘ബയോമെഡിക്കൽ മാലിന്യ കുംഭകോണത്തിന്റെ അധ്യക്ഷനായിരുന്നു ഘോഷ്. ആശുപത്രിയിൽ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന 500-600കിലോ തൂക്കം വരുന്ന മാലിന്യങ്ങൾ അനധികൃത വ്യക്തികൾക്ക് കൈമാറും.
റബ്ബർ കയ്യുറകൾ, സിറിഞ്ച്, സൂചികൾ എന്നിവയും ഇതിൽ ഉൾപ്പെടും. ശരിയായ സംസ്കരണത്തിനും പുനരുപയോഗത്തിനുമായി ഇവ അംഗീകൃത കേന്ദ്രങ്ങൾക്ക് മാത്രമേ കൈമാറാൻ കഴിയൂ’, അലിയെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.