ഡൽഹി: വിദേശ രാജ്യങ്ങളില്‍ മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം. വിമാനത്താവളങ്ങള്‍, തുറമുഖങ്ങൾ, അതിർത്തി മേഖലകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
ഡല്‍ഹിയിലെ സഫ്‌ദർജംഗ് ആശുപത്രി, റാം മനോഹർ ലോഹ്യ ആശുപത്രി, ലേഡി ഹാർഡിഞ്ച് എന്നീ മൂന്ന് ആശുപത്രികളിൽ ഐസൊലേഷന്‍ സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നേരത്തെ റിപ്പോര്‍ട്ട് ചെയ്‌ത മങ്കിപോക്‌സ് വൈറസിൽ നിന്ന് വ്യത്യസ്‌തമാണ് പുതിയ വൈറസ്. വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്‌ദരുമായി കൂടിക്കാഴ്‌ച നടത്തി.
കഴിഞ്ഞയാഴ്‌ച സംസ്ഥാനങ്ങളുമായും നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളുമായും യോഗം ചേര്‍ന്നു. 32 ഐസിഎംആർ കേന്ദ്രങ്ങളിൽ പരിശോധന സൗകര്യം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
എംപോക്‌സിന്‍റെ ലക്ഷണങ്ങൾ ചിക്കൻപോക്‌സിന് സമാനമാണ്. കൊവിഡുമായി ഇതിന് യാതൊരു ബന്ധവുമില്ല. ശരീരത്തില്‍ ചെറിയ തിണര്‍പ്പുണ്ടാകുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. മരണ സാധ്യത കുറഞ്ഞ രോഗമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയാണ് ഞായറാഴ്‌ച (ഓഗസ്റ്റ് 18) അവലോകന യോഗത്തിന് നേതൃത്വം നൽകിയത്.
വേഗത്തിലുള്ള രോഗ നിര്‍ണയം ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്. നിലവിൽ ഇന്ത്യയിൽ എംപോക്‌സ് റിപ്പോർട്ട് ചെ്യ്‌തിട്ടില്ലെന്ന് ഉന്നതതല യോഗം വിലയിരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *